26 April 2024 Friday

മോഫിയയോട് ചെയ്ത ക്രൂരതകൾ വിവരിച്ച് ഭർതൃകുടുംബം; തെളിവെടുപ്പിനായി വീട്ടിൽ

ckmnews

മോഫിയയോട് ചെയ്ത ക്രൂരതകൾ വിവരിച്ച് ഭർതൃകുടുംബം; തെളിവെടുപ്പിനായി വീട്ടിൽ


കൊച്ചി∙ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട് സ്വന്തം വീട്ടിൽ പൊലീസ് കാവലിൽ വരേണ്ടി വരുമെന്ന് അവർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ആ വീട്ടിൽ വധുവായെത്തിയ യുവതിക്കെതിരെ ചെയ്ത ക്രൂരതകൾ നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ സ്വയം വിവരിക്കേണ്ടി വരുമെന്നും. ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെയാണ് തെളിവെടുപ്പിനായി പൊലീസ് കോതമംഗലത്തെ വീട്ടിൽ എത്തിച്ചത്. 


മൂന്നു ദിവസത്തേയ്ക്കാണ് ആലുവ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരിക്കുന്നത്. കോതമംഗലത്തെ വീട്ടിൽ താമസിക്കുമ്പോൾ മോഫിയയെ ഭർതൃമാതാവ് ഉൾപ്പടെ ഉപദ്രവിക്കുകയും ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗിച്ചെന്നുമാണ് പൊലീസിനു നൽകിയ പരാതിയിലുള്ളത്. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിക്കുന്നതിനാണ് തെളിവെടുപ്പിന് എത്തിച്ചത്. മോഫിയയുടെ സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 


നേരത്തെ പ്രതികളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതിഷേധ സമരങ്ങൾ നടക്കുകയായിരുന്നതിനാൽ കോടതിയിൽ ഹാജരാക്കും മുമ്പ് കാര്യമായ തെളിവെടുപ്പിനോ ചോദ്യം ചെയ്യലിനൊ സാധിച്ചിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മൂന്നു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.