27 April 2024 Saturday

മഴ മാറുന്നു; ശൈത്യകാലം വരവായി: മഞ്ഞും മനവും നിറച്ച് മൂന്നാർ അണിഞ്ഞൊരുങ്ങി

ckmnews


മൂന്നാർ ∙ മഴ പിൻവാങ്ങുന്നു. മഞ്ഞും മനവും നിറച്ച് സന്ദർശകർക്കായി മൂന്നാർ അണിഞ്ഞൊരുങ്ങി. തെക്കിന്റെ കശ്മീരിൽ ശൈത്യകാലം വരവറിയിച്ചു. കഴിഞ്ഞ ദിവസം ചെണ്ടുവരൈ, ചിറ്റുവരൈ, കുണ്ടള തുടങ്ങിയ തേയിലത്തോട്ടങ്ങളിൽ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മൂന്നാർ ടൗൺ മേഖലയിൽ 10 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. സാധാരണ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഡിസംബറിലും ജനുവരിയിലും പൂജ്യത്തിനും താഴെ വരെ താപനില എത്താറുണ്ട്.


ഇക്കുറി തുടർച്ചയായ മഴ മൂലം ശൈത്യം എത്താൻ വൈകി. ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ ബുക്കിങ് ലഭിച്ച് തുടങ്ങിയതായി ഹോട്ടൽ രംഗത്ത് ഉള്ളവർ പറയുന്നു. സന്ദർശകർക്ക് സൈക്കിൾ ചവിട്ടി മൂന്നാർ ചുറ്റിക്കാണാനായി ഡിടിപിസി മൈ ബൈക്ക് എന്ന സൈക്ലിങ് ഗ്രൂപ്പുമായി ചേർന്ന് വാടക സൈക്കിൾ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി സൈറ്റ് സീയിങ്, ക്യാംപിങ്, ഹോസ്റ്റൽ സൗകര്യവും മൂന്നാറിൽ ലഭ്യമാണ്.