08 May 2024 Wednesday

ദില്ലി കലാപം: ഫേസ്ബുക്കിനെ കുടഞ് ദില്ലി നിയമസഭയുടെ പീസ് ഹാര്‍മണി കമ്മിറ്റി

ckmnews

ദില്ലി: ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ ദില്ലി നിയമസഭ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായി. ഫേസ്ബുക്ക് പബ്ലിക്ക് പോളിസി ഡയറക്ടര്‍ ശിവ്നാഥ് തുക്ക്റാല്‍, ലീഗല്‍ ഡയറക്ടര്‍ ജി.വി ആനന്ദ് ഭൂഷണ്‍ എന്നിവരാണ് ദില്ലി നിയമസഭയുടെ പീസ് ഹാര്‍മണി കമ്മിറ്റിയുടെ മുന്നില്‍ ഹാജറായി കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ചെലുത്തിയ സ്വാധീനം സംബന്ധിച്ചാണ്  ദില്ലി നിയമസഭയുടെ പീസ് ഹാര്‍മണി കമ്മിറ്റി പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് ഹാജരാകുവാന്‍ നേരത്തെ തന്നെ കമ്മിറ്റി ഫേസ്ബുക്കിന് സമന്‍സ് നല്‍കിയിരുന്നു,രാവിലെ 11 മണിയോടെയാണ് കമ്മിറ്റിക്ക് മുന്നില്‍ ഫേസ്ബുക്ക് പ്ലാറ്റ്ഫോം 'മെറ്റ'യുടെ അധികൃതര്‍ ഹാജരായത്. ഏതാണ്ട് രണ്ട് മണിക്കൂറോളം കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കി. ഈ എല്ലാം ചോദ്യത്തോരങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. അമേരിക്കന്‍ സെനറ്റിന് മുന്നില്‍ പലപ്പോഴും കാണുന്ന കാഴ്ച പോലെ ഇന്ത്യയില്‍ ഇത് ആദ്യമാണെന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍ വന്നത്.ഫേസ്ബുക്ക് അധികൃതരോട് ആദ്യമേ നയം വ്യക്തമാക്കിയാണ് സമിതി അദ്ധ്യക്ഷന്‍ രാഘവ് ചദ്ദ ചോദ്യങ്ങള്‍ ആരംഭിച്ചത്. നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനല്ല ഈ സമിതി കാര്യങ്ങള്‍ മനസിലാക്കാനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം അടക്കം ചോദിച്ചാണ് സമിതി തുടങ്ങിയത്. എന്നാല്‍ 2020 ഫെബ്രവരിയില്‍ ദില്ലിയില്‍ സംഘര്‍ഷം തടയാന്‍ എന്തൊക്കെ നടപടി എടുത്തു, അതിനായി പ്ലാറ്റ്ഫോമിലെ വിദ്വേഷ പോസ്റ്റുകളില്‍ എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

ക്രമസമാധാന പ്രശ്നമാണ്, കോടതി പരിഗണനയിലാണ് തുടങ്ങിയ മറുപടികളാണ് ഫേസ്ബുക്ക് അധികൃതര്‍ ഉയര്‍ത്തിയത്. എന്നാല്‍ സുപ്രീംകോടതി വിധി അടക്കം പരാമര്‍ശിച്ച് ഇതിനെ ഖണ്ഡിച്ചെങ്കിലും പലപ്പോഴും തങ്ങളുടെ സ്ഥിരം ഉത്തരങ്ങള്‍ക്ക് മുന്നില്‍ ഒതുങ്ങുകയാണ് ഫേസ്ബുക്ക് ചെയ്തത്. ഇനിയും ഫേസ്ബുക്ക് അധികൃതരെ വിളിപ്പിക്കാം എന്ന സൂചനയാണ് ഇന്നത്തെ സിറ്റിംഗ് നല്‍കിയത്.