26 April 2024 Friday

തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കേരളത്തില്‍ പെയ്തു

ckmnews

തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കേരളത്തില്‍ പെയ്തു


തിരുവനന്തപുരം:തുലാവര്‍ഷത്തില്‍ കേരളത്തില്‍ പ്രവചിക്കപ്പെട്ട മഴയുടെ 84 ശതമാനം തുലാവർഷം ഔദ്യോഗിക മായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളത്തില്‍ പെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ പതിനേഴുവരെയുള്ള കണക്കാണ് ഇത്. കേരളത്തില്‍ തുലാവര്‍ഷമായി കണക്കാക്കുന്ന സമയത്ത് കേരളത്തില്‍ പ്രവചിക്കപ്പെട്ട മഴ  492 മില്ലി മീറ്റര്‍ ആണ്. എന്നാല്‍ ഒക്ടോബർ 17 വരെ കേരളത്തിൽ ലഭിച്ചത്  412.2 മില്ലി മീറ്റര്‍ ആണെന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.  



ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴയാണ്  492 എന്ന് പ്രവചിക്കപ്പെട്ടിരുന്നത്. ഔദ്യോഗികമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ  തുലാവർഷ മഴയായാണ് കണക്കാക്കുക. കാസര്‍കോട്,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ  തുലാവർഷ സീസണിൽ ലഭിക്കേണ്ട  മുഴുവൻ  മഴയും ലഭിച്ചു കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


കാസര്‍കോട് ജില്ലയിൽ ഒക്ടോബർ 13 ന് തന്നെ  സീസണിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.  344 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ 406 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഒക്ടോബർ 17 വരെ 441 മില്ലി മീറ്റര്‍ മഴ ലഭിച്ചു, കോഴിക്കോട് ജില്ലയിൽ 450 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 515 മില്ലിമീറ്റര്‍ ലഭിച്ചു കഴിഞ്ഞു.


പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയുടെ 97% ലഭിച്ചു കഴിഞ്ഞപ്പോൾ പാലക്കാട്‌ 90%, മലപ്പുറം 86% മഴയും ലഭിച്ചു കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തിൽ ബുധനാഴ്ച ഒക്ടോബർ 20 മുതൽ തുടർന്നുള്ള 3-4ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.


ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ  ഇത്തവണ കൂടുതൽ ന്യുന മർദ്ദങ്ങൾ / ചുഴലിക്കാറ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.