27 April 2024 Saturday

ജോളിയാണ് കൊലപാതകി; കല്ലറ തുറന്നെത്തിയ ദുരൂഹത

ckmnews

കൂടത്തായിയിൽ ഒരേ കുടുംബത്തിലെ ആറു മരണങ്ങളിലെ ദുരൂഹതയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം വീടിന്റെ പൂമുഖത്തു വച്ച് ജോളി ജോസഫിനോട് ചോദിച്ചു: ‘എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഞാൻ ഒരാളുടെ മരണം പോലും നേരിട്ടു കണ്ടിട്ടില്ല. ഭൂരിപക്ഷം സാധാരണക്കാരും അങ്ങനെത്തന്നെയായിരിക്കും. പക്ഷേ ജോളി 47 വർഷത്തെ ജീവിതത്തിനിടയിൽ 6 മരണങ്ങൾ നേരിട്ടു കണ്ടു. പലരും മരിക്കുമ്പോൾ ജോളി മാത്രമാണ് അടുത്തുണ്ടായിരുന്നത്. ഇത് എങ്ങനെ സംഭവിച്ചു?’ സ്വത്തുതർക്കം അന്വേഷിക്കാനെന്ന പേരിൽ എത്തിയ ആ ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മുന്നിൽ ജോളി ഒരു നിമിഷം പതറി, കുറച്ചുനേരം പരുങ്ങി. അൽപസമയത്തിനു ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്തു ചോദിച്ചു ‘എന്റെ ഭർത്താവും ബന്ധുക്കളും മരിക്കുമ്പോൾ ഞാൻ അടുത്തുണ്ടാവുന്നതിൽ എന്താണു കുഴപ്പം’? പക്ഷേ ചോദ്യത്തിനും ഉത്തരത്തിനുമിടയിലെ ആ ഒരു നിമിഷം ജോളിയുടെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങളിൽ നിന്ന് ആ ഉദ്യോഗസ്ഥൻ ഉറപ്പിച്ചു–ആ മരണങ്ങളിൽ ജോളിക്ക് മനസ്സറിവുണ്ട്. 

3 മാസം നീണ്ട അന്വേഷണത്തിൽ അതു സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഒടുവിൽ ആ ആറു പേരുടെ കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചു. കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെ ദുരൂഹത കല്ലറ നീക്കി പുറത്തുവന്നിട്ട്  രണ്ടു വർഷം തികയുന്നു. ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമാണെന്നു നാടറിഞ്ഞത് 2019 ഒക്ടോബർ നാലിന്. രണ്ടു ഇടവകകളിലെ മൂന്നു കല്ലറകളിലായി അടക്കിയ 6 മൃതദേഹഭാഗങ്ങൾ അന്നു പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്ക് അയച്ചു. പിറ്റേദിവസം മുഖ്യപ്രതി ജോളി ജോസഫ് അടക്കം മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീടു നാടു കേട്ടത് 14 വർഷത്തിനിടെ നടന്ന ആറു കൊലപാതകങ്ങളുടെയും അതിലേറെ കൊലപാതകശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകൾ. പത്താം ക്ലാസ് യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ  കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു