27 April 2024 Saturday

ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടോ.? എങ്കില്‍ നിങ്ങളുടെ വൃക്ക തകരാറിലായിരിക്കും സൂക്ഷിക്കുക

ckmnews

മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണല്‍, മൂത്രമൊഴിക്കുമ്ബോള്‍ സാധാരണമല്ലാത്തവിധം പതയല്‍, മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കല്‍ എന്നിവ വൃക്കരോഗലക്ഷണമാകാം.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എെ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികള്‍ക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാല്‍ നിശ്ചിത പ്രായം കഴിയുമ്ബോള്‍ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.

കൗമാരക്കാരില്‍ മൂത്രത്തിലെ പഴുപ്പ്

പത്തു മുതല്‍ ഇരുപതു വയസുവരെയുള്ള കൗമാരക്കാരില്‍ ചില ലക്ഷണങ്ങള്‍ ഗൗരവമായിത്തന്നെയെടുക്കണം. അതില്‍ പ്രധാനമാണ് മൂത്രത്തില്‍ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയില്‍ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം അസുഖങ്ങള്‍ പലപ്പോഴും എെ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.

ഇരുപതു മുതല്‍ ഈ രോഗങ്ങള്‍

20 വയസിനും 40 വയസിനുമിടയില്‍ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിന്‍ഡ്രോം, നെഫ്രൈറ്റിസ്, എെ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങള്‍ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷര്‍ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

40 വയസിനു മുകളില്‍ 50 വയസുവരെയുള്ള വ്യക്തികളില്‍ കാണുന്ന അസുഖങ്ങളില്‍ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഏകദേശം നാല്‍പതു ശതമാനത്തോളം വരുന്ന ആളുകള്‍ നാല്‍പതു വയസിനോടടുക്കുമ്ബോള്‍ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.

ഇതില്‍ നാല്‍പതു ശതമാനത്തോളം ആളുകള്‍ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതില്‍ 40 ശതമാനത്തോളം പേര്‍ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കല്‍, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകള്‍ അകാലത്തില്‍ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.

പ്രമേഹമുള്ളവരില്‍ ഹൃദയസംബന്ധിയായതോ രക്തക്കുഴല്‍ സംബന്ധിയായതോ ആയ അസുഖം വളരെ നേരത്തെ കാണപ്പെടുന്നു. ഇതു ശ്രദ്ധിക്കാതെ പോവുകയും പിന്നീട് മൂത്രത്തില്‍ പ്രോട്ടീന്‍, പഴുപ്പിന്റെ അംശം എന്നിവ കാണുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ പാരാതോര്‍മോണ്‍ (പാരാതൈറോയ്ഡ് ഹോര്‍മോണ്‍), ഫോസ്ഫറസ് എന്നിവയുടെ അളവു കൂടുന്നത് പരിശോധനയില്‍ കണ്ടെത്താം. മറ്റ് പരിശോധനകളില്‍ ചിലപ്പോള്‍ രോഗസൂചന ലഭിച്ചുവെന്നു വരില്ല. ഈ സമയം കൃത്യമായ ചികിത്സയും ലഭിക്കാതിരുന്നാല്‍ ഗുരുതരവൃക്കരോഗമായി അതു പരിണമിക്കും.

സ്ഥായിയായ രോഗങ്ങള്‍

അറുപതിനു മുകളിലുള്ളവരില്‍ കാണുന്ന സ്ഥായിയായ അസുഖങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങള്‍, പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളില്‍ ഗര്‍ഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.

മൂത്രത്തില്‍ കാണുന്ന കല്ലുകള്‍, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവില്‍ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരില്‍ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബര്‍ക്കുലോസിസ്), കാന്‍സര്‍ബാധ എന്നിവയുടെ ലക്ഷണമാവാം.

ഗര്‍ഭകാലത്തു ബി പി കൂടിയാല്‍

പലവിധത്തിലുള്ള അണുബാധകള്‍, പ്രസവസമയത്തെ രക്തസമ്മര്‍ദം, നീര്‍ക്കെട്ടുകള്‍, വിഷബാധ എന്നിവ പരിശോധനയും ചികിത്സയും നല്‍കി എത്രയും പെട്ടെന്നു പരിഹരിക്കണം. അത്തരം ലക്ഷണങ്ങളെയെല്ലാം ഭാവിയില്‍ വരാവുന്ന വൃക്കരോഗത്തിന്റെ നേരിയ സൂചനയായിട്ടെങ്കിലും കരുതേണ്ടിയിരിക്കുന്നു. അവയെല്ലാം യഥാസമയം പരിഹരിച്ചാല്‍ വൃക്കരോഗസാധ്യതയെ ഗണ്യമായി കുറയ്ക്കാനാകും.

അപകടകരം ഈ 6 സൂചനകള്‍

വൃക്കരോഗം സങ്കീര്‍ണമായി മാറുകയോ സങ്കീര്‍ണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകള്‍ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാന്‍ വൈകരുത്.

1 മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്ബോള്‍ അമിതമായി പതയുകയോ നുരയുകയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേര്‍ത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അല്‍പാല്‍പമായി പോകുക, മൂത്രത്തിന്റെ നിറം കട്ടന്‍ ചായയുടെ നിറം പോലെയാകുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുക-മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

2 ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നില്‍ക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളര്‍ച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലര്‍ക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജന്‍ കുറയുന്നതുമൂലവും ശ്വാസകോശത്തില്‍ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു വേണ്ട ഓക്സിജന്‍ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

3 മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

4 രുചിയില്ലായ്മയും ദുര്‍ഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാല്‍ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛര്‍ദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

5 ചൊറിച്ചില്‍

ശരീരത്തില്‍ മാലിന്യം പുറന്തള്ളുന്നതില്‍ വൃക്കകള്‍ പരാജയപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകാന്‍ ഇടയാകും.

6 വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ നീര്‍ക്കുമിളകള്‍ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകള്‍ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങള്‍ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാല്‍ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍

കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങള്‍ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകള്‍ ശ്രദ്ധിക്കാം. ഇതില്‍ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടര്‍ച്ചയായുള്ള കരച്ചില്‍, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകല്‍, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തില്‍ കാണുന്ന നീര്‍ക്കെട്ടുകള്‍ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം. രക്ത-മൂത്ര പരിശോധനകള്‍ അള്‍ട്രാസൗണ്ട് പരിശോധനകള്‍ എന്നിവ ഇതിനു സഹായിക്കും.

കുഞ്ഞുങ്ങള്‍ വളരുന്തോറും പലവിധ ലക്ഷണങ്ങള്‍ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളര്‍ച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകള്‍, അസ്ഥിയുടെ വളര്‍ച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല"ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയല്‍ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാല്‍ ലക്ഷണങ്ങള്‍ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകള്‍ വേണ്ടിവരും.j