27 April 2024 Saturday

ആലപ്പുഴയില്‍ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ അസ്ഥികൂടം

ckmnews

ആലപ്പുഴ: കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ആലപ്പുഴ നഗരമധ്യത്തിലെ കല്ലുപാലത്ത് പൊളിച്ചു കൊണ്ടിരുന്ന പഴക്കമുള്ള വീടിൻ്റെ പിൻവശത്തെ മുറിയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടങ്ങൾ സൂക്ഷിച്ചിരുന്നത്

രണ്ട് തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. വീട് പൊളിച്ചുകൊണ്ടിരുന്ന തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. അസ്ഥികൂടങ്ങൾ മെഡിക്കൽ പഠനാവശ്യത്തിന് ഉപയോഗിച്ചതാണോയെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായം തേടാനാണ് പൊലീസ് തീരുമാനം. പൊളിച്ച കെട്ടിടത്തിൽ മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഡോക്ടറെ ചോദ്യം ചെയ്യും. സംഭവത്തിലെ ദുരൂഹത പോലീസ് തള്ളുന്നില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.