27 April 2024 Saturday

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പീഡിപ്പിച്ച പിതാവിന് രണ്ടാഴ്ചയ്ക്കിടെ മഞ്ചേരി കോടതി വിധിച്ചത് 4 ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും

ckmnews

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പീഡിപ്പിച്ച പിതാവിന് രണ്ടാഴ്ചയ്ക്കിടെ മഞ്ചേരി കോടതി വിധിച്ചത് 4 ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും


മലപ്പുറം നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിയായ പിതാവിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ബലാത്സംഗം ചെയ്തതിന് രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി നാലു ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജ് പി. ടി പ്രകാശനാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളിൽ ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചത്.പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചതിന് ഓഗസ്റ്റ് 13ന് രണ്ട് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി 17കാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു ജീവപര്യന്തം കൂടി വിധിക്കുകയായിരുന്നു.വിവാഹിതയായ ഒരു മകൾ ഉൾപ്പടെ 8 മക്കളുടെ പിതാവാണ് ഇയാൾ. ഉത്തരവാദിത്വം നിർവ്വഹിക്കേണ്ടയാൾ തന്നെ ഒന്നിലധികം തവണ കുട്ടികളെ ഒരു ദാക്ഷിണ്യവുമില്ലാതെ ബലാത്സംഗം ചെയ്തതിനാലാണ് ഇരട്ട ജീവപര്യന്തം വീതം ഓരോകേസിലും വിധിച്ചത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജ് നിരീക്ഷിച്ചു.ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ തന്നെ വേണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.പിഴയടയ്ക്കാത്ത പക്ഷം രണ്ടു വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പ്രതി പിഴയൊടുക്കിയാൽ ഇരയായ പെൺകുട്ടിക്ക് രണ്ടു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു.