26 April 2024 Friday

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എന്തിന് ഇളവ് നല്‍കി?; സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ckmnews

ന്യൂഡല്‍ഹി: ബക്രീദിനോടനുബന്ധിച്ച്‌ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ സംസ്ഥാന സര്‍ക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. സമ്മര്‍ദങ്ങളെ തുടര്‍ന്ന് ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വൈകിയ വേളയില്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ വിമര്‍ശനം.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന അപകടകരമായ അവസ്ഥയാണ് കേരളത്തിലെന്ന് കോടതി നിരീക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്ക് പൗരന്‍റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാനാവില്ല. കന്‍വാര്‍ യാത്രയുടെ കാര്യത്തില്‍ ചൂണ്ടിക്കാട്ടിയവയൊക്കെയും കേരളത്തിനും ബാധകമാണ്. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് റോഹിന്‍റണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നതിന് ഹരജിക്കാരനോട് കോടതി നന്ദിയറിയിച്ചു.

വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ബക്രീദിനോടനുബന്ധിച്ച്‌ ജൂലൈ 18 മുതല്‍ 20 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി സ്വദേശിയായ മലയാളി വ്യവസായിയാണ് സുപ്രീംകോടതിയില്‍ ഹ‍രജി നല്‍കിയത്.