23 June 2024 Sunday

പന്തീരങ്കാവ് കേസ്'വീട്ടുകാർക്കൊപ്പം പോകില്ലെന്ന് യുവതി, വിമാനത്താവളത്തിൽ കൊണ്ടുവിട്ട് പൊലീസ്; ഡൽഹിക്ക് തിരിച്ചു

ckmnews

പന്തീരങ്കാവ് കേസ്'വീട്ടുകാർക്കൊപ്പം പോകില്ലെന്ന് യുവതി,


വിമാനത്താവളത്തിൽ കൊണ്ടുവിട്ട് പൊലീസ്; ഡൽഹിക്ക് തിരിച്ചു


കൊച്ചി:പന്തീരാങ്കാവ് ഭർതൃപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പൊലീസ് വിട്ടയച്ചു.കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഡൽഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ടു. പിന്നാലെ യുവതി ഡൽഹിക്ക് പോയി.


യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു.തുടർന്നാണ് ഇവരെ പൊലീസ് കണ്ടെത്തി കൊച്ചിയിലെത്തിച്ചത്.വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡൽഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം. ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.


ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.


താൻ കുടുക്കിൽപെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിൻവലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്സാപ് കോൾ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിൻവലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോൾ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോൾ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താൻ സഹായകമായി. താൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡന പരാതി നൽകിയതെന്നും രാഹുൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി തന്റെ യുട്യൂബ് ചാനൽ മുഖേന മൂന്നു വിഡിയോകൾ യുവതി പുറത്തുവിട്ടിരുന്നു.