30 June 2024 Sunday

ലോകസഭ തെരെഞ്ഞെടുപ്പ് : പൊന്നാനിയില്‍ പൊന്നായി സമദാനി

ckmnews


പൊന്നാനി: മലപ്പുറത്തിന്റെ ഹൃദയമായ പൊന്നാനിയിൽ പരാജയമില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീ​ഗ്. ഇടത് മുന്നണി കിണഞ്ഞ് ശ്രമിച്ചിട്ടും വൻ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീ​ഗ് നേതാവുമായ ഡോ. അബ്ദുസ്സമദ് സമദാനി. രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർത്ഥി കെ എസ് ഹംസയെ സമദാനി പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയില്‍ ഇടത് മുന്നണി കിണഞ്ഞ് ശ്രമിച്ചിട്ടും സമദാനിയുടെ വോട്ട് നില കുറയ്ക്കാനായില്ല. ഇ ടി മുഹമ്മദ് ബഷീര്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് പൊന്നാനിയില്‍ സമദാനിയുടെ വിജയം.

2009 ലും 2014ലും 2019 ലും ഇ ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയില്‍ തുടര്‍ച്ചയായി വിജയിച്ചത്. ഇത്തവണ ഇ ടി മലപ്പുറത്തേക്ക് ചുവടുമാറിയതോടെയാണ് പൊന്നാനിയിലേക്കുള്ള സമദാനിയുടെ കടന്നുവരവ്. രണ്ടാം തവണ ലോക്സഭാ മണ്ടലത്തിലേക്കെത്തുന്ന സമദാനി മുന്‍ ലീഗ് നേതാവിനെയാണ് പരാജയപ്പെടുത്തിയതെന്ന പ്രത്യേകതയുമുണ്ട്.2014 ല്‍ ഇ ടി മുഹമ്മദ് ബഷീർ 3,78,503 വോട്ടാണ് നേടിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹ്മാൻ 3,53,093 വോട്ടും നേടിയിരുന്നു. ബിജെപിയുടെ കെ നാരായണന്‍ മാസ്റ്റര്‍ 75,212 വോട്ടും നേടി. 25,410 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ഇ ടിക്ക് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീർ 43.4% വോട്ടും വി അബ്ദുറഹ്മാൻ 40.5% വോട്ടും കെ നാരായണൻ മാസ്റ്റർ 8.6% വോട്ടും നേടി.

2019ലാകട്ടെ ഇ ടിക്ക് കിട്ടിയത് 5,21,824 വോട്ടാണ്. 1,43,321 വോട്ടാണ് 2014 ല്‍ നിന്ന് 2019 ലെത്തുമ്പോള്‍ ഇ ടിക്ക് കൂടിയത്. ഇടത് സ്വതന്ത്രന്‍ പി വി അൻവറിന് 3,28,551 വോട്ട് ലഭിച്ചു. ബിജെപിയുടെ വി ടി രമ 1,10,603 വോട്ട് നേടി. 1,93,273 ഭൂരിപക്ഷമാണ് 2019 ല്‍ ഇ ടി നേടിയത്.


ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായ അബ്ദുസ്സമദ് സമദാനിക്ക് ലോക്സഭയിലേക്ക് ഇത് രണ്ടാം ഊഴമാണ്. പികെ കുഞ്ഞാലിക്കുട്ടി രാജി വെച്ചതിനേത്തുടര്‍ന്ന് 2021ല്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദായി ആദ്യം ലോക്സഭയിലെത്തുന്നത്. മുസ്ലീം ലീഗിന്റെ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും ബഹുഭാഷ പണ്ഡിതനുമായ അദ്ദേഹം 1994, 2000 എന്നീ വര്‍ഷങ്ങളില്‍ രാജ്യസഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമദാനി 2011 ല്‍ കോട്ടക്കല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലും എത്തിയിരുന്നു.

സിമിയിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. പിന്നീട് സിമിയില്‍ നിന്ന് വേര്‍പിരിഞ്ഞ് മുസ്ലീംലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ സജീവമായി. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1994 ല്‍ ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി ടി കുഞ്ഞഹമ്മദുമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.


യൂണിവേഴ്സിറ്റീസ് ആന്റ് ഹയര്‍ എഡ്യൂക്കേഷന്‍ പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സൗദി അറേബ്യ, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാര്‍ലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. എംഎ, എംഫില്‍ നിയമ ബിരുദദാരിയാണ്്. എംപി അബ്ദുല്‍ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി ഒന്നിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ജനനം.