27 April 2024 Saturday

കുംഭമേളയ്ക്കിടെ ഒരുലക്ഷത്തോളം വ്യാജ കൊവിഡ് പരിശോധന; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

ckmnews

കുംഭമേളയ്ക്കിടെ ഒരുലക്ഷത്തോളം വ്യാജ കൊവിഡ് പരിശോധന; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്


കുംഭമേളയില്‍ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തി ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍. ദില്ലി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസ് എന്ന സ്വകാര്യ ഏജന്‍സിയ്ക്കെതിരെയാണ് എഫ്ഐആര്‍. രണ്ട് സ്വകാര്യ ലാബുകള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മഹാകുംഭമേളയ്ക്കിടെ നടത്തിയ കൊവിഡ് ടെസ്റ്റുകളില്‍ വ്യാപകമായി വ്യാജ കൊവിഡ് ടെസ്റ്റ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ഇതിന് പിന്നാലെയാണ് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. 3.8 കോടി രൂപയുടെ ബില്ലാണ് കൊവിഡ് പരിശോധനയ്ക്കായി ചെലവായതെന്നായിരുന്നു സ്വകാര്യ ഏജന്‍സ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന് നല്‍കിയ കണക്കില്‍ വിശദമാക്കുന്നത്. ഹിസാറിലെ നാള്‍വ ലാബോട്ടറീസിന്‍റെ പേരിലായിരുന്നു ഈ ബില്ല്. എന്നാല്‍ നാള്‍വ ലാബില്‍ നിന്ന് ആരും കുംഭമേളയില്‍ കൊവിഡ് പരിശോധനയ്ക്ക് പോയിട്ടില്ലെന്നാണ് സ്ഥാപനത്തിന്‍റെ ഉടമ ഡോ. ജെ പി നള്‍വ വിശദമാക്കിയത്.



മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസുമായി ബന്ധമില്ലെന്നും നള്‍വ ലാബ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വകാര്യ ലാബുകള്‍ക്കെതിരെ കേസ് എടുത്തത്. ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് കെ ഝായുടെ പരാതിയിലാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന മഹാകുംഭമേള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരുമാസത്തേക്കായി ചുരുക്കിയാണ് നടത്തിയതെങ്കിലും മേളയ്ക്കിടെ കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.



മഹാ കുംഭമേളയ്ക്കിടെ റാന്‍ഡം കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആരോഗ്യ വകുപ്പ് 13സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു. മഹാകുംഭ മേള സംഘാടകര്‍ 9 സ്വകാര്യ ലാബുകളെയും നിയോഗിച്ചിരുന്നു.  ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ട മഹാ കുഭമേളയില്‍ 70ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍