26 April 2024 Friday

നാട്ടുകാർ തല്ലുമെന്ന് വിനീഷ്, മൊബൈലിൽ ‘സിഗ്നൽ’ ലഭിച്ച് ഓട്ടോഡ്രൈവർ; കുരുക്കിയത് ഇങ്ങനെ

ckmnews

നാട്ടുകാർ തല്ലുമെന്ന് വിനീഷ്, മൊബൈലിൽ ‘സിഗ്നൽ’ ലഭിച്ച് ഓട്ടോഡ്രൈവർ; കുരുക്കിയത് ഇങ്ങനെ


മലപ്പുറം∙ ഏലംകുളത്തു 21കാരിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത് ഓട്ടോഡ്രൈവർ ജൗഹറിന്റെ അവസരോചിതമായ ഇടപെടൽ.  കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് തീവച്ചശേഷം പ്രതി വിനീഷ് വിനോദ് 10 കിലോമീറ്റർ അകലെയുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നു പോയി എന്നാണു പൊലീസിന് നൽകിയ പ്രാഥമിക മൊഴി.


വാഹനാപകടത്തിൽനിന്നു രക്ഷപ്പെട്ട് വരികയാണന്നും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ഓട്ടോറിക്ഷയിൽ കയറിയത്. വാഹനം അപകടത്തിൽപ്പെട്ടെന്നും അമിത വേഗത്തിലായതിനാൽ നാട്ടുകാർ തല്ലുമെന്ന് പറഞ്ഞപ്പോൾ‌ ഇറങ്ങി ഓടിയതാണെന്നും വിനീഷ് പറഞ്ഞു. അപ്പോൾ പൊലീസ് സ്റ്റേഷനിൽ ആക്കാമെന്ന് ഓട്ടോഡ്രൈവർ ജൗഹർ പറഞ്ഞു. എന്നാൽ സ്റ്റേഷനിൽ പോകണ്ടെന്നും വഴിയിൽ ഇറക്കിയാൽ മതിയെന്നും പറഞ്ഞപ്പോൾ ജൗഹറിന് സംശയമായി.  

പ്രതിയുമായുള്ള യാത്രയ്‌ക്കിടെ നാട്ടുകാർ ജൗഹറിനെ മൊബൈൽ ഫോണിൽ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഒന്നുമറിയാത്ത പോലെ ജൗഹർ തന്ത്രപൂർവം പ്രതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൈമാറുകയായിന്നു. ദൃശ്യയെ പതിവായി ശല്യം ചെയ്ത പ്രതിക്ക് പൊലീസ് താക്കീതു നൽകിയിരുന്നു. നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിന് പെട്രോൾ ഒഴിച്ച് പ്രതി തീവച്ചതാണെന്ന് കുടുംബം പറഞ്ഞു.