08 May 2024 Wednesday

വീണ്ടും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നേത്ര ശ്രവണ ഉപകരണങ്ങള്‍ മൊബൈല്‍,കമ്പ്യൂട്ടര്‍ റിപ്പയറിങ് എന്നിവക്ക് ഉപാധികളോടെ അനുമതി

ckmnews

വീണ്ടും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി


നേത്ര ശ്രവണ ഉപകരണങ്ങള്‍ മൊബൈല്‍,കമ്പ്യൂട്ടര്‍ റിപ്പയറിങ് എന്നിവക്ക് ഉപാധികളോടെ അനുമതി


തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. മൊബൈല്‍ ഫോണും കംപ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്രിത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നല്‍കുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.





രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച് ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.




രോഗവ്യാപനത്തിന്‍റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യസംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്ന നയമാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗവ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുക എന്നതിന് പ്രാധാന്യം നല്‍കിയേ തീരൂ.