27 April 2024 Saturday

ഗുരുതര രോഗമുള്ളവര്‍ക്ക് ആശുപത്രികളില്‍നിന്നും ഒരു മാസത്തേയ്ക്ക് മരുന്ന് നല്‍കണം-മുഖ്യമന്തി

ckmnews

തിരുവനന്തപുരം: മണ്‍സൂണ്‍കാലം ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സ മുടങ്ങാന്‍ പാടില്ലാത്ത ഗുരുതര രോഗമുള്ളവര്‍ക്ക് ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ ഒരു മാസത്തേയ്ക്ക് നല്‍കണമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. ആശുപത്രികള്‍ എല്ലാം രണ്ടാഴ്ചകളിലേയ്ക്കുള്ള മരുന്നുകളുടെ സ്റ്റോക്ക് കൂടുതലായി എപ്പോഴും കരുതണം. ഡോക്‌സി സൈക്‌ളിന്‍, ഒആര്‍എസ്, ബ്ലീച്ഛിങ് പൗഡര്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ നിര്‍ബന്ധമായും ആ സ്റ്റോക്കില്‍ ആവശ്യത്തിനുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


മണ്‍സൂണ്‍ കാലം ആരംഭിക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ അനുഭവങ്ങള്‍ വളരെ കരുതലോടെ ഈ കാലത്തെ നേരിടണമെന്ന പാഠമാണ് നമുക്ക് നല്‍കിയിട്ടുള്ളത്. കോവിഡ് രോഗവ്യാപനം കൂടി നിലനില്‍ക്കുന്ന കാലമായതിനാല്‍ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുന്‍കൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 


ഒന്നാം തല, രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കോവിഡ് നേരിടാന്‍ വേണ്ടി മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശക്തമായ മഴ മൂലമുണ്ടായേക്കാവുന്ന പ്രളയങ്ങളോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തങ്ങള്‍ ബാധിച്ചേക്കാം. ക്യാമ്പുകളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാനുള്ള സാഹചര്യങ്ങളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതോടൊപ്പം കോവിഡ് രോഗബാധയുള്ളവരുമായി ഇടകലരാനുള്ള സാധ്യതയും ക്യാമ്പുകളില്‍ ഉണ്ടാകാം. മണ്‍സൂണ്‍ കാലരോഗങ്ങളും മഴ ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍ പെട്ടുണ്ടാകുന്ന അപകടങ്ങളും കാരണം ആശുപത്രികളിലെ സൗകര്യങ്ങള്‍ അപര്യപ്തമായേക്കാവുന്ന സാഹചര്യവും ഉടലെടുക്കാം. ഈ പ്രശ്‌നങ്ങളെല്ലാം പരമാവധി മറികടക്കാന്‍ സാധിക്കുന്ന മുന്നൊരുക്കങ്ങള്‍ ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


അതിന്റെ ഭാഗമായി പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളുടേയും സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയാണ്. ഓരോ ആരോഗ്യ കേന്ദ്രത്തിലും അത്തരം ആപത്ഘട്ടങ്ങളില്‍ അവിടെ നിന്നും അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങളുടേയും മറ്റു വസ്തുക്കളുടേയും കൃത്യമായ ലിസ്റ്റ് തയ്യാറാക്കി വയ്ക്കും. അതോടൊപ്പം അവയെല്ലാം മാറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കുന്ന സാധ്യതാ സ്ഥലങ്ങളും കണ്ടു വയ്ക്കും. 


പ്രധാന ആശുപത്രികളിലെല്ലാം വലിയ അത്യാഹിതങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതിനുള്ള മാനദണ്ഡം നടപ്പിലാക്കും. അതിനാവശ്യമായ പരിശീലനങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിയ്ക്ക് മുകളിലോട്ട് പെട്ടെന്നു രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സര്‍ജ് കപ്പാസിറ്റി പ്ലാനും തയ്യാറാക്കുകയും, നടപ്പിലാക്കാന്‍ ആവശ്യമായ പരിശീലനങ്ങളും നല്‍കും. അത്യാഹിത ഘട്ടങ്ങളോട് പിഴവില്ലാത്ത രീതിയില്‍ പ്രതികരിക്കാന്‍ സഹായകമായ ഹോസ്പിലറ്റ് എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാനും തയ്യാറാക്കി പരിശീലനം നല്‍കും. ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ ഏകോപനം ഉറപ്പു വരുത്തുന്നതിനായി ആശയവിനിമയ സംവിധാനവും ഒരുക്കും. 


ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ ചികിത്സയിലുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ചികിത്സ മുടങ്ങാന്‍ പാടില്ലാത്ത ഗുരുതരമായ രോഗാവസ്ഥയുള്ളവരുടെ സമഗ്രമായ ലിസ്റ്റുകളും തയ്യാറാക്കും. അത്യാഹിത ഘട്ടങ്ങളില്‍ ഇവരുടെ ചികിത്സകള്‍ മുടങ്ങാതെ നോക്കുന്നതിനു വേണ്ടിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ ആളുകളെല്ലാം അവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ നിര്‍ബന്ധമായും കയ്യില്‍ സൂക്ഷിച്ചു വയ്ക്കണം. അതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി ജില്ലാ കണ്‍ട്രോള്‍ സെല്‍, വാര്‍ഡ് മെമ്പര്‍, ഏതെങ്കിലും സന്നദ്ധസംഘടനയില്‍ ഉള്ള വളണ്ടിയര്‍മാരുടെ നമ്പറുകള്‍ എന്നിവയും സൂക്ഷിക്കണം. 


ഗര്‍ഭിണികള്‍, കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങി ദുരന്തഘട്ടങ്ങളില്‍ ഏറ്റവും ആദ്യം സഹായമെത്തിക്കുകയും സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടവരുടെ ലിസ്റ്റുകളും തയ്യാറാക്കുകയാണ്. ഇവരുടെ വീടുകള്‍ മാപ്പ് ചെയ്യുകയും വേണം. അതിനു പുറമേ, ഇവരെ വളണ്ടിയര്‍മാരുമായി ബന്ധപ്പെടുത്തുകയും അവശ്യഘട്ടങ്ങളില്‍ കാലതാമസമില്ലാതെ അവിടെയെത്തി അവരെ സുരക്ഷിതരാക്കാന്‍ സാധിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം. 


ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്.  രോഗികളായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക വാഹന സൗകര്യങ്ങള്‍ ഒരുക്കണം. വെള്ളം കയറുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ തറയില്‍ നിന്നും കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ ആയിരിക്കണം കരുതേണ്ടത്. അതുപോലെത്തന്നെ ആംബുലന്‍സുകളായി ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങളും കണ്ടെത്തണം. വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ പാമ്പു കടിയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള 'ആന്റി സ്‌നേയ്ക്ക് വെനം' ആശുപത്രികളില്‍ കരുതേണ്ടതാണ്. ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പാമ്പു കടിയേറ്റാല്‍ നല്‍കേണ്ട ചികിത്സകളില്‍ ആവശ്യമായ പരിശീലനം ഉറപ്പു വരുത്തണം.


20 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. സന്നദ്ധ സേനാംഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള പരിശീലനവും കിറ്റും നല്‍കണം. കൃത്യമായ ആശയവിനിമ നിര്‍ദ്ദേശങ്ങളും ഇവര്‍ക്ക് നല്‍കണം. പ്രളയമുണ്ടാവുകയും ക്യാമ്പുകളിലേയ്ക്ക് മാറുകയും ചെയ്യുകയാണെങ്കില്‍ ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ ആവശ്യമായ സേവനങ്ങളും ഉറപ്പു വരുത്തണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുടെ ഹെല്പ് ലൈനുകള്‍ വഴി ആ സേവനം ലഭ്യമാക്കണം.


'ചെയിന്‍ കോള്‍' എന്ന പേരില്‍ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടിക്ക് കുടുംബശ്രീ രൂപം നല്‍കിയിട്ടുണ്ട്. എല്ലാ അയല്‍ക്കൂട്ടങ്ങളിലെയും ഓരോ അംഗത്തെയും ഫോണ്‍ ചെയ്ത് കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കും. സഹായങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുകയും ചെയ്യും. നാല് ലക്ഷത്തോളം കുടുംബങ്ങളെ ഇതുവരെ  നേരിട്ട് വിളിച്ച് ബോധവല്‍ക്കരണം നടത്തി. 


ഗൃഹപരിചരണം എങ്ങനെ കാര്യക്ഷമമാക്കാം, ക്വാറന്റൈന്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി 15-ലേറെ വിഷയങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ക്ലാസ്സുകളും കുടുംബശ്രീ അംഗങ്ങള്‍ക്കായി നല്‍കിവരുന്നു. ആരോഗ്യവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സംയോജനത്തോടെ നടത്തുന്ന ഈ ക്ലാസ്സുകള്‍ താഴേത്തട്ടിലുള്ള ബോധവത്ക്കരണത്തിന് ഏറെ സഹായകമാകുമെന്ന് കരുതുന്നു. 


കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ശക്തി ഉപയോഗിച്ച് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പൂള്‍ രൂപീകരിച്ച് ഒരു ബൃഹത് ക്യാമ്പെയ്ന്‍ കൂടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയാണ്. കേരളത്തിലെ 1063 ജനകീയ ഹോട്ടലുകളിലൂടെ ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പൊതിച്ചോര്‍ നല്‍കുന്നുണ്ട്. 


സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേത്യത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മൂവായിരത്തോളം എംഎസ്ഡബ്ലു വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും നടത്തുന്ന സ്‌പെഷല്‍ സ്‌കൂളുകളും ഈ പദ്ധതി ഏകോപിപ്പിക്കും. ബ്ലോക്ക് തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ബിആര്‍സികളും ജില്ലാതലത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പും പദ്ധതി നിര്‍വഹണം നടത്തുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.