26 April 2024 Friday

കോവിഡ് അതിരൂക്ഷമായ എറണാകുളം ഇന്ന് മുതല്‍ കടുത്ത നിയന്ത്രണത്തില്‍; 74 പഞ്ചായത്തുകളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം

ckmnews

കോവിഡ് അതിരൂക്ഷമായ എറണാകുളം ഇന്ന് മുതല്‍ കടുത്ത നിയന്ത്രണത്തില്‍. ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ ലോക്്ഡൗണ്‍ സമാന നിയന്ത്രണത്തിലാകും. അറുപതിനായിരത്തിനടുത്ത് ആളുകളാണ് ജില്ലയില്‍ നിലവില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നത്. സര്‍ക്കാര്‍ തലത്തില്‍ കോവിഡ് പരിശോധനയും വര്‍ധിപ്പിക്കും.

കോവിഡ് അതി തീവ്ര വ്യാപനത്തിന്റെ പാരമ്യത്തിലേക്ക് അടുക്കുകയാണ് എറണാകുളം. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളില്‍ മാത്രം പോസിറ്റീവായത് 24,013 പേര്‍. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച്‌ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത് 58, 378 പേര്‍.26. 54 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതായത് 100 പേരെ പരിശോധിക്കുമ്ബോള്‍ 27 പേര്‍ക്ക് രോഗം കണ്ടെത്തുന്നു. രോഗ വ്യാപനം ചെറുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഇന്ന് മുതല്‍ നടപ്പാക്കുന്നതും. ടിപിആര്‍ 25ന് മുകളിലായ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടും.

മണീട്, കുട്ടമ്ബുഴ, ഇലഞ്ഞി, ചോറ്റാനിക്കര,എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്ബലം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് ടിപിആര്‍ 25ന് മുകളില്‍. ജില്ലയില്‍ ആകെയുള്ള 82 പഞ്ചയാത്തുകളില്‍ എഴുപത്തിനാലിലും അതിതീവ്രരോഗവ്യാപനമാണ്.

കണ്ടെയ്ന്‍മെന്‍്റ് സോണിലുള്ളവര്‍ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും. നിര്‍മ്മാണ മേഖല അടക്കമുള്ള മേഖലയില്‍ തൊഴിലാളികള്‍ക്ക് അതാത് സ്ഥലങ്ങളില്‍ തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. കോവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.