26 April 2024 Friday

നാല് സീറ്റുകള്‍ നഷ്ടമായി, ഒന്ന് പിടിച്ചെടുത്തു; ലീഗിന് 15 വര്‍ഷത്തിന് ശേഷമുള്ള വലിയ തിരിച്ചടി

ckmnews

നാല് സീറ്റുകള്‍ നഷ്ടമായി, ഒന്ന് പിടിച്ചെടുത്തു; ലീഗിന് 15 വര്‍ഷത്തിന് ശേഷമുള്ള വലിയ തിരിച്ചടി


 സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റിൽ നിയമസഭാ ചരിത്രത്തിൽ 15 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് മുസ്ലിം ലീഗിന് ഇത്തവണയുണ്ടായിരിക്കുന്നത്. ഇത്തവണ മൂന്ന് സീറ്റിൽ അധികം മത്സരിച്ചിട്ടും അതിന്റെ നേട്ടമുണ്ടാക്കാൻ ലീഗിനായില്ല. 2016-ൽ യു.ഡി.എഫ്. നിലംപതിച്ചപ്പോഴും മത്സരിച്ച 24-ൽ 18 സീറ്റിലും വിജയം നേടാൻ മുസ്ലിം ലീഗിനായിരുന്നു.


കാൽ നൂറ്റാണ്ടിന് ശേഷം ഒരു വനിതയെ ഉൾപ്പെടുത്തിയാണ് മുസ്ലിംലീഗ് ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്. സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്ത് തന്നെ മത്സരിക്കാൻ നൂർബിന റഷീദിന് നൽകി. എന്നാൽ നൂർബിന റഷീദിന് പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഐ.എൻ.എലിന്റെ അഹമ്മദ് ദേവർകോവിൽ ഇവിടെ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂർബിനയ്ക്കെതിരെ ജയിച്ചത്. 2016-ൽ 2,327 വോട്ടിന്റെ ഭൂരിപക്ഷം എം.കെ. മുനീറിന് കോഴിക്കോട് സൗത്തിൽ ഉണ്ടായിരുന്നു.


അതേസമയം, മുനീറിലൂടെ കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി ലീഗിന് പിടിച്ചെടുക്കാനായി എന്നത് ആശ്വാസകരമാണ്. സിറ്റിങ് എം.എൽ.എ. കാരാട്ട് റസാഖിനെ 6,504 വോട്ടുകൾക്കാണ് മുനീർ പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തിനെ കൂടാതെ അഴീക്കോട്, കളമശ്ശേരി, കുറ്റ്യാടി എന്നീ മണ്ഡലങ്ങളാണ് ലീഗിന് ഇത്തവണ നഷ്ടമായത്.


അട്ടിമറിജയത്തിലൂടെ രണ്ടു തവണ അഴീക്കോട് പ്രതിനിധീകരിച്ച കെ.എം. ഷാജിയെ ഇത്തവണ മണ്ഡലം കൈവിട്ടു. സി.പി.എം. സ്ഥാനാർഥി കെ.വി.സുമേഷാണ് ഇവിടെ ജയിച്ചത്.


പാലാരിവട്ടം പാലം അഴിമതി ചർച്ചയായ കളമശ്ശേരിയിൽ സിറ്റിങ് എം.എൽ.എ. ആയിരുന്ന വി.എം. ഇഹ്രാഹികുഞ്ഞിന്റെ മകനെ സ്ഥാനാർഥിയാക്കിയ ലീഗിന്റെ തീരുമാനം പിഴച്ചു. വി.ഇ. അബ്ദുൾ ഗഫൂറിനെതിരെ 11,132 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാർഥി പി.രാജീവ് ജയിച്ചത്.


കുറ്റ്യാടിയിൽ കഴിഞ്ഞ തവണ അട്ടിമറി ജയം പാറക്കൽ അബ്ദുള്ളയെ ഇത്തവണ നേരിയ ഭൂരിപക്ഷത്തിന് മണ്ഡലം കൈവിട്ടു. സി.പി.എം. സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി 490 വോട്ടുകൾക്ക് ഇവിടെ ജയിച്ചു.


മലപ്പുറത്തെ മണ്ഡലങ്ങളെല്ലാം മുസ്ലിലീഗിന് നിലനിർത്താനായി. എന്നാൽ കഴിഞ്ഞ തവണ കൈവിട്ട താനൂർ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനെ നിയോഗിച്ചിട്ടും ഇത്തവണ പിടിച്ചെടുക്കാനായില്ല. തിരുവമ്പാടിയിലും ജയിക്കാനായില്ല. പെരിന്തൽമണ്ണയിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം ജയിച്ചത്.


മുസ്ലിംലീഗ് ജയിച്ച മണ്ഡലങ്ങൾ


വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം- പി. ഉബൈദുള്ള

മഞ്ചേരി- യു.എ. ലത്തീഫ്

വള്ളിക്കുന്ന്- പി. അബ്ദുൾഹമീദ് മാസ്റ്റർ

തിരൂരങ്ങാടി- കെ.പി.എ. മജീദ്

കോട്ടക്കൽ- ആബിദ് ഹുസൈൻ തങ്ങൾ

മങ്കട- മഞ്ഞളാംകുഴി അലി

തിരൂർ- കുറുക്കോളി മൊയ്തീൻ

ഏറനാട്- പി.കെ. ബഷീർ

കൊണ്ടോട്ടി- ടി.വി. ഇബ്രഹിം

പെരിന്തൽമണ്ണ- നജീബ് കാന്തപുരം

മണ്ണാർക്കാട്- എൻ. ഷംസുദ്ദീൻ

കൊടുവള്ളി- എം.കെ. മുനീർ

മഞ്ചേശ്വരം - എ.കെ.എം. അഷ്റഫ്

കാസർകോട്- എൻ.എ. നെല്ലിക്കുന്ന്