26 April 2024 Friday

ബാറുകളില്‍ പാഴ്‌സല്‍ മദ്യം, ബാറുകളില്‍ ഇരുന്ന് മദ്യപിക്കരുത്; അബ്കാരി ചട്ടംഭേദഗതിക്ക്

ckmnews

ബാറുകളില്‍ പാഴ്‌സല്‍ മദ്യവില്‍പ്പന അനുവദിച്ചേക്കുമെന്ന് സൂചന. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ആലോചന. അതേസമയം, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നതിന് വിലക്കില്ലെങ്കിലും ബാറുകള്‍ തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.


സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കിയിരിക്കുന്നത്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരില്‍ കൂടുതല്‍ കടകളില്‍ ഉണ്ടാകരുത്. അതേസമയം ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. മദ്യഷാപ്പുകളിലെ ആറടി അകലം ഉള്‍പ്പടെയുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുക സംസ്ഥാനങ്ങള്‍ക്ക് ശ്രമകരമായിരിക്കും.പൊതുസ്ഥലങ്ങളില്‍ മദ്യം, പുകയില, പാന്‍മസാല എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും. സാമൂഹ്യ അകലം നിര്‍ബന്ധമാക്കി സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല എന്നിവ വില്‍ക്കുന്ന കടകളും തുറക്കാം. അതേസമയം റെഡ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ ബാര്‍ബര്‍ ഷാപ്പുകള്‍ക്ക് അനുമതി നല്‍കി. രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രമെ കടകള്‍ തുറക്കാവു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കുറ്റകരമാണ്.


വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി ഉയര്‍ത്തി. സംസ്‌കാര ചടങ്ങകളില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാവു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.