ബി.എം.ഡബ്ല്യു X1 സ്വന്തമാക്കി യുവനടന്‍ ലുക്മാന്‍ അവറാന്‍

ഓപ്പറേഷന്‍ ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന്‍ അവറാന്‍. ആളങ്കം എന്ന തന്റെ പുതിയ സിനിമ തിയേറ്ററില്‍ എത്താനിരിക്കെ പുതിയ വാഹനം എന്ന സന്തോഷം കൂടി അദ്ദേഹത്തിനെ തേടി എത്തിയിരിക്കുകയാണ്. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറു എസ്.യു.വി. മോഡലായ എക്‌സ്1 ആണ് ലുക്മാന്‍ സ്വന്തമാക്കിയ വാഹനം.മലപ്പുറം ജില്ലയിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ കല്ലിങ്കല്‍ മോട്ടോഴ്‌സില്‍ നിന്നാണ് ബി.എം.ഡബ്ല്യു എക്‌സ്1 ലുക്മാന്റെ ഗ്യാരേജിലേക്ക് എത്തിയിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞനാണ് എക്‌സ്1. ഈ മോഡലിന്റെ 2016 മുതല്‍ 2020 വരെ എത്തിയിട്ടുള്ള പതിപ്പാണ് ലുക്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍, കൃതമായി ഏത് വര്‍ഷം പുറത്തിറങ്ങിയ മോഡലാണ് അദ്ദേഹത്തിന്റേതെന്ന് വ്യക്തമല്ല.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ്1 എത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഏത് മോഡലാണ് ലുക്മാന്‍ വാങ്ങിയത് എന്നതും വെളിപ്പെടുത്തിയിട്ടില്ല. 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ മോഡല്‍ 190 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ 7.6 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്.പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്ന് വേരിയന്റുകളിലാണ് നിലവില്‍ എക്സ്1 നിരത്തുകളില്‍ എത്തുന്നത്. എസ് ഡ്രൈവ് 20i സ്പോര്‍ട്ട് എക്സ്, എസ് ഡ്രൈവ് 20i എക്സ്ലൈന്‍ എന്നീ പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളിലും എസ് ഡ്രൈവ് 20d എക്സ്ലൈന്‍ ഡീസല്‍ വേരിയന്റിലുമാണ് ഇത് എത്തുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഹൈലൈന്‍, കോര്‍പറേറ്റ് എഡിഷന്‍ എന്നിവയായിരുന്നു വേരിയന്റുകളില്‍. ഏകദേശം 45 ലക്ഷം രൂപ മുതലാണ് ബി.എം.ഡബ്ല്യു എക്‌സ്1-ന്റെ വില ആരംഭിക്കുന്നത്.