26 April 2024 Friday

വിധിയെഴുതി പുതുച്ചേരിയും തമിഴ്നാടും; പോളിങ് സമാധാനപരം

ckmnews

വിധിയെഴുതി പുതുച്ചേരിയും തമിഴ്നാടും; പോളിങ് സമാധാനപരം


ചെന്നൈ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.71.79 ശതമാനമാണ് പോളിങ് . അവസാന കണക്കിൽ ഇനിയും ഉയരുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ വർഷം 74.81% ആയിരുന്നു പോളിങ്. 


കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ എതിർ സ്ഥാനാർഥികൾ വോട്ടർമാർക്കു വൻ തോതിൽ പണം നൽകുന്നുവെന്നും തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽ ഹാസൻ ജില്ലാ കലക്ടർക്കു പരാതി നൽകി. മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസൻ, കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മയൂര ജയകുമാർ എന്നിവരാണു കമലിന്റെ എതിരാളികൾ. സംസ്ഥാനത്ത് ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്.


വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണെങ്കിലും കോയമ്പത്തൂർ തൊണ്ടാമുത്തൂരിൽ അണ്ണാഡിഎംകെ, ബിജെപി-ഡിഎംകെ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബൂത്ത് സന്ദർശനത്തിനെത്തിയ ഡിഎംകെ സ്ഥാനാർഥി കാർത്തികേയ ശിവസേനാപതിയെ അണ്ണാഡിഎംകെ, ബിജെപി പ്രവർത്തകർ തടഞ്ഞതാണു സംഘർഷത്തിനിടയാക്കിയത്. പൊലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. എടപ്പാടി സർക്കാരിലെ കരുത്തനായ മന്ത്രി എസ്.പി.വേലുമണിയാണു മണ്ഡലത്തിലെ അണ്ണാ ഡിഎംകെ സ്ഥാനാർഥി.


മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ, മക്കൾ ശ്രുതി ഹാസൻ, അക്ഷര ഹാസൻ, നടന്മാരായ രജനികാന്ത്, സൂര്യ, കാർത്തി, വിജയ്, അജിത് കുമാർ, ഭാര്യ ശാലിനി, മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കോൺഗ്രസ് നേതാവ് ചിദംബരം, മകന്‍ കാർത്തി ചിദംബരം തുടങ്ങിയർ വോട്ടു രേഖപ്പെടുത്തി. കോവിഡ് ബാധിച്ചതിനാൽ പിപിഇ കിറ്റ് ധരിച്ചെത്തിയാണ് ഡിഎംകെ എംപി കനിമൊഴി വോട്ട് രേഖപ്പെടുത്തിയത്.


234 നിയോജക മണ്ഡലങ്ങളിലായി 3,998 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കന്യാകുമാരിയിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നു. 10 വർഷത്തെ ഭരണനേട്ടങ്ങൾ തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ സഖ്യം കരുതുമ്പോൾ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് ഡിഎംകെ സഖ്യത്തിന്റെ കണക്കുകൂട്ടൽ. കരുണാനിധിയും ജയലളിതയുമില്ലാത്ത തിരഞ്ഞെടുപ്പില്‍ ഇരുവരുടെയും ജനകീയ പദ്ധതികള്‍ വിഷയമാക്കിയായിരുന്നു ഇരു മുന്നണികളുടെയും പ്രചാരണം.


മൂന്നാം മുന്നണിയുമായി കമൽഹാസനും, വിജയകാന്തിനൊപ്പം കൈകോർത്ത് ടിടിവി ദിനകരനും ശക്തമായി രംഗത്തുണ്ട്. എച്ച്.വസന്തകുമാറിന്‍റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കന്യാകുമാരി ലോക്സഭാ സീറ്റിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടൽ.


∙ പുതുച്ചേരിയിൽ 78.89%


പുതുച്ചേരിയിൽ കനത്ത പോളിങ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 78.89% പോളിങ്. ഇനിയും ഉയർന്നേക്കും. രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും 11 മണിക്കു ശേഷം പോളിങ് ബൂത്തുകളിൽ ആളൊഴിഞ്ഞു. കനത്ത ചൂടാണു കാരണം. കേരളത്തോടു ചേർന്നു കിടക്കുന്ന മാഹിയുൾപ്പെടെ 30 മണ്ഡലങ്ങളാണു പുതുച്ചേരിയിലുള്ളത്.