26 April 2024 Friday

ജസ്റ്റിസ് എൻ.വി.രമണ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ 24ന്

ckmnews



ന്യൂഡൽഹി ∙ ജസ്റ്റിസ് എൻ.വി.രമണയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. 23ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എൻ.വി.രമണയെ പിൻഗാമിയായി ശുപാർശ ചെയ്തിരുന്നു.

1957 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച ജസ്റ്റിസ് രമണ, സുപ്രീം കോടതിയുടെ 48–ാം ചീഫ് ജസ്റ്റിസാണ്. 2022 ഓഗസ്റ്റ് 26വരെ പദവിയിൽ തുടരാം. 1966–67 കാലയളവിൽ ചീഫ് ജസ്റ്റിസായിരുന്ന കെ.സുബ്ബറാവുവിനു ശേഷം ആന്ധ്ര സംസ്ഥാനത്തുനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.

2000 ജൂൺ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായ രമണ, 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി. ആ വർഷം തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014ൽ സുപ്രീം കോടതി ജഡ്ജിയായി.