26 April 2024 Friday

'റാസ്​പുടിന്‍' ഗാനത്തിന്​ തകര്‍ത്താടി​​ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍; വൈറല്‍ വിഡിയോ

ckmnews

ബോണി എം ബാന്‍ഡിന്‍റെ 'റാ റാ റാസ്​പുടിന്‍ ലവര്‍ ഓഫ്​ ദ റഷ്യന്‍ ക്വീന്‍' എന്ന്​ തുടങ്ങുന്ന ഗാനം ലോകപ്രശസ്​തമാണ്. ​ഈ ഗാനത്തിന്​ ചുവടുവെച്ച രണ്ട്​ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകി എം. ഓംകുമാറും നവീന്‍ കെ. റസാഖുമാണ്​ സ്​റ്റൈലിഷ്​ സ്​റ്റെപ്പുകളുമായി അരങ്ങ്​ തകര്‍ത്തത്​. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വര്‍ഷ എം.ബി.ബി.എസ്​ വിദ്യാര്‍ഥിയും മാനന്തവാടി സ്വദേശിയായ നവീന്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയുമാണ്​.

നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്​. തിരക്കിട്ട ജീവിതത്തിനിടയില്‍ വീണുകിട്ടുന്ന വിലയേറിയ ഒഴുവുസമയമാണ് ഇവര്‍ ഇത്തരത്തില്‍ ചെലവിടുന്നത്.

മാരക ഫൂട്ട്​വര്‍ക്കുകളും, ഒരു രക്ഷയുമില്ലാത്ത ഭാവങ്ങളും അനായാസേനയുള്ള ചലനങ്ങളുമായി ഇരുവരും നെറ്റിസണ്‍സിന്‍റെ ഹൃദയത്തിലേക്കാണ്​ ചുവടുവെച്ച്‌​ കയറിയത്​. വൈറല്‍ ഡാന്‍സേഴ്​സിന്‍റെ സ്​റ്റെപ്പുകളെ മാത്രമല്ല അവര്‍ തെരഞ്ഞെടുത്ത ഗാനവും നന്നായിരിക്കുന്നുവെന്ന്​ അഭിനന്ദിക്കുന്നവരും കുറവല്ല.

പരീക്ഷ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഇടവേള നേടാനായിട്ടാണ്​ ഇരുവരും കോളജില്‍ വെച്ച്‌​ ഇഷ്​ടഗാനത്തിന്​ ചുവടുവെച്ചത്​. വെറും രണ്ട്​ മണിക്കൂറിനിടയിലാണ്​ ഈ ഡാന്‍സിങ്​ പരീക്ഷണം. ക്ലാസിന്​ ശേഷം കണ്ടുമുട്ടിയ ഇരുവരും യൂനിഫോമില്‍ തന്നെ ഡാന്‍സ്​ ചെയ്യുകയായിരുന്നു.

30 സെക്കന്‍ഡ്​ ദൈര്‍ഘ്യമുള്ള വിഡിയോ നവീനാണ്​ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്​. ഇന്‍സ്റ്റഗ്രാം പോസ്റ്റിന്​​ ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത സംവിധായകനായ പ്രസന്ന സുജിത്ത് കൈയ്യടിച്ചിരുന്നു. നവീന്‍റെ ഇന്‍സ്റ്റ റീല്‍സ്​ വിഡിയോ ഇതിനോടകം 2.3 ദശലക്ഷം ആളുകള്‍ കണ്ടു.

സംഗതി ഹിറ്റായതോടെ വിഡിയോ ട്വിറ്ററിലും തരംഗമായി. ജാനകിയുടെ യൂട്യൂബ്​ ചാനലിലും വിഡിയോ പങ്കു​വെച്ചിട്ടുണ്ട്​. ട്വിറ്ററില്‍ 2.7 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്​ വിഡിയോ.