26 April 2024 Friday

കിണറ്റില്‍നിന്ന് വെള്ളമെടുത്തതിന് അച്ഛനെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ചു; സംഭവം മലപ്പുറത്ത്

ckmnews

മലപ്പുറം; കിണറ്റില്‍ നിന്ന് വെള്ളമെടുത്തെന്ന് ആരോപിച്ച്‌ അച്ഛനെ ക്രൂരമായി മര്‍ദിച്ചു. മലപ്പുറം നിലമ്ബൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കേസില്‍ മകനും മരുമകളും അറസ്റ്റിലായി. നിലമ്ബൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) ആണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹമാസകലം പരുക്കുകളോടെ നൈനാനെ അയല്‍വാസികള്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അറസ്റ്റിലായ ചെറിയാന്‍, സൂസമ്മ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപമുള്ള പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്ക്ക് ആണ് കഴിഞ്ഞു വന്നത്. കുറച്ചു നാളുകളായി നൈനാനും മകന്‍ ചെറിയാനും തമ്മില്‍ വഴക്കു ഉണ്ടാകാറുണ്ട്. ഇന്നലെ രാവിലെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. അതിനുശേഷം വൈകുന്നേരത്തോടെ വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ നൈനാന്‍ പൈപ്പ് തുറന്നപ്പോള്‍ ചെറിയാന്‍ എത്തി തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ സമീപത്തു കിടന്ന വടി ഉപയോഗിച്ച്‌ ചെറിയാന്‍ അച്ഛനെ ദേഹമാസകലം അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ ചെറിയാന്‍റെ ഭാര്യ സൂസമ്മയും ഓടിയെത്തി നൈനാനെ ഉപദ്രവിച്ചു.

അടികൊണ്ടു അവശനായി വീണ നൈനാനെ അവിടെ ഉപേക്ഷിച്ച ശേഷം ചെറിയാനും ഭാര്യയും വീട്ടിലേക്കു പോയി. അടികൊണ്ടുള്ള നൈനാന്‍റെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിയെത്തിയത്. അപ്പോള്‍ തീര്‍ത്തും അവശനിലയിലായിരുന്നു നൈനാന്‍. ദേഹമാസകലം അടിയേറ്റ പാടുണ്ടായിരുന്നു. തലയിലും അടിയേറ്റിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയിലും അടികൊണ്ടു.

തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് വാഹനം എത്തിച്ചു നൈനാനെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് നൈനാന്‍. ഇതിനിടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. പൊലീസ് ആശുപത്രിയില്‍ എത്തി നൈനാന്‍റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ചെറിയാനെയും ഭാര്യ സൂസമ്മയെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഒരേ പറമ്ബില്‍ തന്നെയാണ് നൈനാനും ചെറിയാനും താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. രണ്ടു പേര്‍ക്കും കൂടി ഒരു കിണറാണുള്ളത്. ഇത്രയും കാലം ഇതേ കിണറില്‍നിന്നാണ് നൈനാനും വെള്ളം ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ വഴക്കുണ്ടായതിനെ തുടര്‍ന്ന് കിണറ്റില്‍നിന്ന് വെള്ളം എടുക്കുന്നത് മകന്‍ തടയുകയായിരുന്നു.

ചെറിയാന്‍ ഉള്‍പ്പടെ ഏഴു മക്കളാണ് നൈനാന് ഉള്ളത്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. അതിനു ശേഷം ഇയാള്‍ പഴയ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.