26 April 2024 Friday

സംവരണം എത്ര തലമുറകൾ കൂടി തുടരേണ്ടി വരുമെന്ന് സുപ്രീം കോടതി

ckmnews

സംവരണം എത്ര തലമുറകൾ കൂടി തുടരേണ്ടി വരുമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: തൊഴിലവസരങ്ങളിലും വിദ്യാഭ്യാസമേഖലയിലും നിലവില്‍ നല്‍കി വരുന്ന സംവരണം ഇനി എത്ര തലമുറകൾ കൂടി തുടരണമെന്ന് പറയാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായുള്ള മറാത്താ ക്വോട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി നിര്‍ണായക ചോദ്യമുന്നയിച്ചത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന അമ്പത് ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകാവുന്ന അസമത്വത്തെ കുറിച്ചുള്ള ആശങ്കയും കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് പ്രകടിപ്പിച്ചു. മാറിയ സാമൂഹിക സാഹചര്യം കണക്കിലെടുത്ത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന വിധിയും നിലവിലുള്ള സംവരണവും പുനഃപരിശോധിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദത്തോടായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പ്രതികരണം. 1931  ലെ ജനസംഖ്യാകണക്കെടുപ്പ് അടിസ്ഥാനമാക്കി തയ്യാറാക്കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നു വന്ന വിധിയും നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് യോജിക്കുന്നതല്ല എന്നായിരുന്നു റോഹ്തഗിയുടെ വാദം. 


സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേയും റോഹ്തഗി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ശരിവെച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള വിവിധ കേസുകളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. മറാത്താ വിഭാഗം വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ നല്ലൊരു ശതമാനമുണ്ട്. കൂടാതെ ഭരണ മേഖലയിലും മറാത്താ വിഭാഗക്കാരുടെ പ്രാതിനിധ്യം കൂടുതലാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 


സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം രാജ്യം ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ടെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നുള്ളത് വാസ്തവമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ 1931 നേക്കാള്‍ ജനസംഖ്യ വര്‍ധിച്ചതായും എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിച്ചതായും അതിനാല്‍ തന്നെ സംവരണകാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണെന്ന് റോഹ്തഗി വാദിച്ചു. പുരോഗതിയുണ്ടായ കാര്യം ശരി വെക്കുന്നതായും എന്നാല്‍ സമൂഹത്തിലെ പിന്നാക്കവിഭാഗക്കാര്‍ അമ്പത് ശതമാനത്തില്‍ നിന്ന് ഇരുപത് ശതമാനമായി കുറഞ്ഞിട്ടില്ല മറിച്ച് അവരുടെ എണ്ണവും വര്‍ധിച്ചതായി റോഹ്തഗി വാദമുന്നയിച്ചു. 


നിലവിലെ അമ്പത് ശതമാനം സംവരണം തുടരുന്നില്ലെങ്കില്‍ സാമൂഹികസമത്വം എങ്ങനെ സാധ്യമാവും എന്ന് കോടതി ചോദിച്ചു. അക്കാര്യമാണ് നമ്മള്‍ കണക്കിലെടുക്കേണ്ടതെന്നും സംവരണം നിര്‍ത്തലാക്കുകയോ അതില്‍ കുറവ് വരുത്തുകയോ ചെയ്യുന്നത് സാമൂഹികാസമത്വത്തിലേക്ക് നയിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്ര തലമുറകള്‍ കൂടി അത് തുടരേണ്ടി വരുമെന്ന് കൃത്യമായി പറയാന്‍ സാധിക്കുമോയെന്ന് ജസ്റ്റിസ് അശോക് ഭൂഷനെ കൂടാതെ ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, എസ് അബ്ദുള്‍ നാസര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.