26 April 2024 Friday

കാട്ടാക്കടയില്‍ ശക്തമായ ത്രികോണ മത്സരം

ckmnews

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തില്‍ മൂന്ന് മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളായതോടെ മുന്നണികളുടെ പ്രവര്‍ത്തനം സജീവമായി. ശക്തമായ ത്രികോണ മത്സരമാണ് കാട്ടാക്കടയില്‍. എല്‍.ഡി.എഫില്‍ സിറ്റിംഗ് എം.എല്‍.എ ഐ.ബി.സതീഷും യു.ഡി.എഫില്‍ മലയിന്‍കീഴ് വേണുഗോപാലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസുമാണ് മത്സര രംഗത്തുള്ളത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച ഐ.ബി. സതീഷ് മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനത്തിലാണ്. എന്നാല്‍, രണ്ട് മാസത്തോളമായി കാട്ടാക്കടയില്‍ താമസമാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസ്.

അവസാനം പ്രഖ്യാപിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് വേണുഗോപാല്‍ മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പൗര പ്രമുഖരെയും പ്രാദേശിക നേതാക്കളെയും കാണുന്ന തിരക്കിലാണ്. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബാനറുകളും ഫ്ലക്സുകളും ചുമരെഴുത്തുകളും സജീവമാക്കി തങ്ങളുടെ ആധിപത്യം കാണിക്കാനുള്ള തിരക്കിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍.

കഴിഞ്ഞ തവണ 2016ല്‍ എല്‍.ഡി.എഫിലെ ഐ.ബി.സതീഷ് 51,614 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രബലനായ മുന്‍ സ്പീക്കര്‍ കൂടിയായ എന്‍. ശക്തന്‍ 50,765 വട്ടുകള്‍ നേടി. എന്നാല്‍, എന്‍.ഡി.എയിലെ പി.കെ. കൃഷ്ണദാസ് 38,000വോട്ടുകള്‍ നേടി ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 2011ല്‍ പി.കെ. കൃഷ്ണദാസ് 22,550 വോട്ടുകളാണ് നേടിയത്. നിശ്ശബ്ദമായ പ്രചാരണത്തിലൂടെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം നടത്തുന്ന പി.കെ. കൃഷ്ണദാസ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്.

2016ല്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും ചില അടിയൊഴുക്കുകളും കാരണം 849 വോട്ടുകളുടെ വ്യത്യാസത്തില്‍ ശക്തന് അടിയറവ് പറയേണ്ടി വന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലത്തില്‍ നേടിയ 8,500 വോട്ടിന്റെ ലീഡാണ് മലയിന്‍കീഴ് വേണുഗോപാല്‍ പ്രതീക്ഷവയ്ക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും താന്‍ മണ്ഡലത്തില്‍ നടത്തിയ വികസനവും ജലസമൃദ്ധി പദ്ധതി ആഗോളതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും തനിയ്ക്ക് ഇക്കുറിയും ആത്മവിശ്വാസം പകരുന്നതായി ഐ.ബി. സതീഷ് പറയുന്നു.

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലമാണെന്നും കോണ്‍ഗ്രസ് ഇക്കുറി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കഴിഞ്ഞ തവണത്തെ ചെറിയ മാര്‍ജിന്‍ മാറ്റാന്‍ ഇക്കുറി കഴിയുമെന്നും മലയിന്‍കീഴ് വേണുഗോപാല്‍ പറയുന്നു. ഇക്കുറി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് വേണുഗോപാല്‍.

എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ എന്‍.ഡി.എയ്ക്ക് കാട്ടാക്കടയില്‍ നിന്ന് പ്രതിനിധിയെ നിയമസഭയിലേയ്ക്ക് വേണം. ഇക്കുറി സാഹചര്യങ്ങള്‍ ബി.ജെ.പിയ്ക്ക് അനുകൂലമാണെന്നും മണ്ഡലത്തില്‍ പാര്‍ട്ടി നിര്‍ണ്ണായക ഘടകമായി മാറിയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ് പറയുന്നു.