26 April 2024 Friday

കണ്ണൂരില്‍ കൊവിഡ് വ്യാപനം: ജില്ലാ അതിര്‍ത്തികള്‍ അടച്ചു; പരിശോധന കര്‍ശനമാക്കി

ckmnews

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ച്‌ പൊലീസ് പരിശോധന കര്‍ശനമാക്കി. പെരിങ്ങത്തൂര്‍, മുണ്ടത്തോട്, ചെറ്റക്കണ്ടി, കായലോട്ട് താഴെ പാലം തുടങ്ങിയ പ്രദേശങ്ങളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചു. പൊലീസിന് പുറമെ റവന്യൂ അധികൃതരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരി, കുന്നോത്ത് പറമ്ബ് പ്രദേശങ്ങള്‍ നാദാപുരത്തോട് തൊട്ടുനില്‍ക്കുന്നതിനാലാണ് കടുത്ത ജാഗ്രത. രോഗികളുടെ സഞ്ചാര പാത ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായതിനാല്‍ ആരോഗ്യ വകുപ്പും നടപടി കര്‍ശനമാക്കിയിട്ടുണ്ട്. ചെക്യാട് പഞ്ചായത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ വാര്‍ഡില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്

നാദാപുരത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്നലെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വളയത്ത് അഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും നാല് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.