26 April 2024 Friday

ഗുരുവായൂര്‍ ഉത്സവം; ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ckmnews

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വെര്‍ച്വല്‍ ക്യൂ പരിധിയും പഴുക്കാമണ്ഡപദര്‍ശന സമയവും ഉയര്‍ത്തി. ഉത്സവ കാലം പരിഗണിച്ചാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള 3000 പേര്‍ ഉള്‍പ്പെടെ ഒരു ദിവസം പരമാവധി 5000 പേരെ ദര്‍ശനത്തിന് അനുവദിക്കാം എന്നായിരുന്നു നിലവിളിലുള്ള നിയന്ത്രണം. എന്നാല്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ഒരു ദിവസം 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്ന് ഇന്ന് ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കൂടാതെ തിരക്കില്ലാത്ത സമയം ബുക്കിംഗ് ഇല്ലാത്തവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് രേഖപ്പെടുത്തി ദര്‍ശനം അനുവദിക്കും. നെയ് വിളക്ക് വഴിപാട് നടത്തുന്നവര്‍, തദ്ദേശ വാസികള്‍, ജീവനക്കാര്‍, ജീവനക്കാരുടെ ബന്ധുക്കള്‍ എന്നിവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കും.

ഒരു മണിക്കൂര്‍ മാത്രമായി നിയന്ത്രിച്ചിരുന്ന പഴുക്കാമണ്ഡപ ദര്‍ശന സമയം ഒന്നര മണിക്കൂറായാണ് ഉയര്‍ത്തിയത്. കിഴക്കേ നട കൗണ്ടറില്‍ നിന്നാണ് പഴുക്കാമണ്ഡപ ദര്‍ശനത്തിനായുള്ള പാസ് നല്‍കുക. ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിലെ ദീപാരാധനയ്ക്കും കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ ദേവസ്വം അവസരം നല്‍കും. ഗുരുവായൂര്‍ ഉത്സവം പുരോഗമിച്ചുകൊണ്ടിരിക്കെ ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയാത്തത് മൂലം വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.