26 April 2024 Friday

സ്വർണത്തിനും വെള്ളിക്കും ബജറ്റ് തിളക്കം; കസ്റ്റംസ് തീരുവ കുറച്ചു, വില കുറയും

ckmnews

ന്യൂഡല്‍ഹി: സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വര്‍ണത്തിനും വെള്ളിക്കും നിലവില്‍ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയില്‍ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുമ്പത്തെ നിലയിലാക്കാന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു. 

സ്വര്‍ണം, വെള്ളി എന്നിവയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം ജിഎസ്ടി എന്നിവ മൂലം സ്വര്‍ണ്ണക്കടത്ത് കൂടിയതെന്ന വിലയിരുത്തലുണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം 'സുരക്ഷിത നിക്ഷേപമായി' മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറില്‍ സ്വര്‍ണ വില 26.2 ശതമാനം വര്‍ധിച്ചുരുന്നു

മൊബൈല്‍ ഫോണുകളുടേയും ചാര്‍ജറുകളുടേയും അനുബന്ധ മൊബൈല്‍ പാര്‍ട്‌സുകളുടെ(ഭാഗങ്ങള്‍ക്ക്) ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.  പ്രാദേശിക ഉല്‍പാദനം, ആഭ്യന്തര മൂല്യവര്‍ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.  

മൊബൈല്‍ ഫോണ്‍ ഉപകരണ വിഭാഗത്തില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ 400 ഓളം ഇളവുകള്‍ പുനഃപരിശോധിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൂടുതല്‍ ആഭ്യന്തര മൂല്യവര്‍ദ്ധനവിനായി, ചാര്‍ജറുകളുടെയും മൊബൈലിന്റെ ഭാഗങ്ങളുടെയും ഉപഭാഗങ്ങളുടെയും ചില ഇളവുകള്‍ ഞങ്ങള്‍ പിന്‍വലിക്കുന്നു. കൂടാതെ, മൊബൈല്‍ഫോണുകളുടെ ചില ഭാഗങ്ങളുടെ നിരക്ക് പൂജ്യത്തില്‍ നിന്ന് 2.5 ശതമാനമാകുമെന്ന്‌ മന്ത്രി പറഞ്ഞു. 

ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുക, ആഗോള മൂല്യശൃംഖലയിലേക്ക് പ്രവേശിക്കാനും കയറ്റുമതി മികച്ചതാക്കാനും ഇന്ത്യയെ സഹായിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങള്‍ കസ്റ്റം ഡ്യൂട്ടി നയത്തിന് ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലേക്കും മൂല്യവര്‍ദ്ധനവിന്റെ കയറ്റുമതിയിലേക്കും എളുപ്പത്തില്‍ പ്രവേശിക്കേണ്ടതുണ്ടെന്നും സീതാരാമന്‍ പറഞ്ഞു.