26 April 2024 Friday

വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത്‌ ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിക്ക് സ്‌റ്റേ

ckmnews

വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത്‌ ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ  വിവാദ വിധിക്ക് സ്‌റ്റേ


ന്യൂഡൽഹി∙ ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങൾ പരസ്പരം (skin to skin contact) ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡി‌വാലയുടെ ഉത്തരവ് ഇതോടെ റദ്ദായി.



മൂന്ന് വനിതാ അഭിഭാഷകർ നൽകിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി. ഇത് അപകടരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നു ഹർജിയെ പിന്തുണച്ചു കൊണ്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ ചർമവും ചർമവും ചേർന്നുള്ള സ്പർശനം ആവശ്യമാണെന്നും വിവാദ ഉത്തരവിൽ പറയുന്നു. പെൺകുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പർശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും വിവാദ ഉത്തരവിൽ പറഞ്ഞിരുന്നു. സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. 


നാഗ്‌പുരിലെ വീട്ടിലേക്ക് പെൺകുട്ടിയെ പേരയ്ക്ക നൽകാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മേൽവസ്ത്രം മാറ്റാതെയാണ് മാറിടത്തിൽ സ്പർശിച്ചത്. അതിനാൽത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ലെന്നും വിവാദ ഉത്തരവിൽ പറയുന്നു. മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെൺകുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം. എന്നാൽ ഈ വകുപ്പ് പ്രകാരം കുറഞ്ഞത് ഒരു വർഷം മാത്രമാണു തടവുശിക്ഷ. പോക്‌സോ ആക്ട് പ്രകാരമാണെങ്കിൽ കുറഞ്ഞത് 3 വർഷവും.