26 April 2024 Friday

പിഎം കിസാൻ സമ്മാൻ: കേരളത്തിൽ 15,163 അനർഹർ; തിരിച്ചുപിടിക്കാൻ നടപടി

ckmnews

പിഎം കിസാൻ സമ്മാൻ: കേരളത്തിൽ 15,163 അനർഹർ; തിരിച്ചുപിടിക്കാൻ നടപടി



പാലക്കാട്∙ സംസ്ഥാനത്ത് വലിയതുക ആദായനികുതി നൽകുന്നവരും ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം (പിഎം കിസാൻ സമ്മാൻ നിധി) വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹതയില്ലാത്ത 15,163 പേർ വാങ്ങിയ മുഴുവൻ പണവും ഈടാക്കാൻ സംസ്ഥാന കൃഷിവകുപ്പ് നടപടി ആരംഭിച്ചു. കൂടുതൽ പേരുണ്ടാകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. 


പദ്ധതി ഗുണഭേ‍ാക്താക്കളുടെ മുഴുവൻ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാൻ കേന്ദ്രസർക്കാർ പരിശേ‍ാധന ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞവർഷം തമിഴ്നാട്ടിൽ പദ്ധതിയുടെ പേരിൽ ഗുണഭേ‍ാക്താക്കളെ വഞ്ചിച്ച് ഇടനിലക്കാരും കൃഷി ഉദ്യേ‍ാഗസ്ഥരും തദ്ദേശസ്ഥാപന പ്രതിനിധികളും ഉൾപ്പെടെ പണം തട്ടിയെടുത്തത് പുറത്തുവന്നതിനെ തുടർന്നാണ് വ്യാപക അന്വേഷണത്തിന് കേന്ദ്രം നടപടി ആരംഭിച്ചത്.   പിഎം കിസാൻ പദ്ധതിയനുസരിച്ച് രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുളള ചെറുകിട, ഇടത്തരം കർഷകർക്ക്  വർഷത്തിൽ 6000 രൂപ അക്കൗണ്ടിൽ ലഭിക്കും. 2000 രൂപവീതം 3 ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്. 2019 ഫെബ്രുവരി 24നാണ് പദ്ധതി നിലവി‍ൽ വന്നതെങ്കിലും 2018 ഡിസംബർ മുതൽ മുൻകാലപ്രാബല്യത്തേ‍ാടെ ആനുകൂല്യം ഗുണഭോക്താക്കൾ ലഭിച്ചു. ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 36.7 ലക്ഷം അപേക്ഷകരാണുള്ളത്. ആദായനികുതി നൽകുന്നവർ പിഎം കിസാന് അപേക്ഷിക്കാൻ പാടില്ലെന്ന് പദ്ധതി വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അതു പാലിക്കാതെ ഈ വിഭാഗത്തിലുള്ളവർ തുക കൈപ്പറ്റിയതിനു കാരണം രേഖകൾ പരിശേ‍ാധിക്കുന്നതിലെ വീഴ്ചയാണെന്ന് ആരേ‍‍ാപണമുണ്ട്.

അനർഹർ പണം ബാങ്കിൽ നിന്ന് തുക പിൻവലിച്ചതിനാൽ അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നതിനെക്കുറിച്ച് വകുപ്പിൽ വ്യക്തതയില്ല. റവന്യൂ റിക്കവറി മാതൃകയിൽ നടപടി വേണ്ടിവരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്തദിവസം നിർദ്ദേശമുണ്ടാകും. പണം തിരിച്ചുപിടിക്കാൻ കൃഷി ഡയറക്ടറുടെ പേരിൽ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. തമിഴ്നാട്ടിൽ സംഘടിതമായാണ് പിഎം കിസാൻ പണം തട്ടിയെടുത്തതെന്ന് അന്വേഷണം ഏജൻസികൾ കണ്ടെത്തി.

പദ്ധതിയെക്കുറിച്ചും അതിന്റെ നടപടിക്രമങ്ങൾ അറിയാത്ത കർഷകരും നാമമാത്ര ഭൂമിയുള്ളവരുടെയും ഭൂരേഖകൾ അടക്കം വില്ലേജ്, കൃഷി ഒ‍ാഫിസുകളിൽ ഈ സംഘമാണ് അപേക്ഷ എത്തിക്കുന്നത്. ആനുകൂല്യം ലഭിക്കാൻ സ്ഥലം ഉടമയുതേടതിനുപകരം ഏജന്റുമാരുടെ അക്കൗണ്ട് നമ്പറും നൽകും. ഈരീതിയിൽ ഒരു അക്കൗണ്ടിൽ തന്നെ നിരവധികർഷകർക്കുള്ള തുക എത്തിയതായും പെ‍ാലീസ് കണ്ടെത്തി. സേലം കള്ളക്കുറിശിയിലാണ് വെട്ടിപ്പ് ആദ്യം പുറത്തുവന്നത്. 

.കൂടുതൽ തൃശൂരിൽ, കുറവ് കാസർകേ‍ാട്


സംസ്ഥാനത്ത് പിഎം കിസാനിൽ അനർഹമായി പണം കൈപ്പറ്റിയവരിൽ കൂടുതൽ പേർ തൃശൂരാണ്– 2384, കുറവ് കാസർകേ‍ാട്– 614. മറ്റുജില്ലകളിലെ കണക്ക്– തിരുവനന്തപുരം (856), കെ‍ാല്ലം (899), കേ‍ാട്ടയം(1250), പത്തനംതിട്ട(574), ഇടുക്കി(636), ആലപ്പുഴ(1530), എറണാകുളം(2079), പാലക്കാട് (1435), മലപ്പുറം( 624), കേ‍ാഴിക്കേ‍ാട്(788), കണ്ണൂർ(825), വയനാട് (642).