27 April 2024 Saturday

എസ്‌. എസ്‌. എൽ. സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇനി ദിവസങ്ങൾ മാത്രം; ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കേണ്ട സാഹചര്യം

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കാൻ ഇനി 64 ദിവസം മാത്രം ബാക്കി നിൽക്കേ ആശങ്കകളേറെ. തിയറി, റിവിഷൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവരെയും തുടങ്ങാത്തത് വിദ്യാർത്ഥികളിലും, രക്ഷിതാക്കളിലും ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. പത്താം തരം വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങാനാണ് തീരുമാനം. എന്നാൽ പ്ലസ്ടു വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ ക്ലാസുകൾ എന്ന് മുതൽ ആരംഭിക്കും എന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. ഓൺലൈൻ ക്ലാസുകളിലൂടെ 80 ശതമാനം പാഠഭാഗങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും പ്രാക്ടിക്കൽ, തിയറി ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കിയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് പരീക്ഷയേ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ കഴിയുകയുള്ളു.


കൂടുതൽ കുട്ടികളെ ഒരുമിച്ചിരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ നടന്നുവരുന്നത്. ഒരു കുട്ടിക്ക് ആഴ്ചയിൽ മൂന്ന് ക്ലാസുകൾ മാത്രമേ ലഭിക്കുന്നുള്ളു. ഇത് പഠനത്തേ ദോഷകരമായി ബാധിക്കാനുള്ള സാധ്യതകളേറെയാണ്. രണ്ടു ഷിഫ്റ്റുകളിലായി ഒരു ദിവസം 50 ശതമാനം വിദ്യാർത്ഥികളാണ് സ്കൂളുകളിൽ എത്തുന്നത്. നിലവിൽ ഒരു ബെൻജിൽ ഒരു കുട്ടി എന്ന രീതിയിലാണ് ക്ലാസുകൾ നടക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ ഒരു ബെൻജിൽ രണ്ട് കുട്ടി എന്ന രീതിയിലേക്ക് മാറ്റേണ്ട സാഹചര്യമാണ് നിലവിലുള്ളത്.