26 April 2024 Friday

2015 ആവര്‍ത്തിക്കുമോ?, ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തി ചെമ്ബരപ്പാക്കം തടാകം; അതിവേഗം നിറയുന്നു, ഒരടി കൂടിയായാല്‍ ഷട്ടര്‍ തുറക്കും (വീഡിയോ)

ckmnews

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്തമഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. അതിനിടെ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്ബരപ്പാക്കം തടാകം അതിവേഗം നിറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഒരടി കൂടി വര്‍ധിച്ചാല്‍ തടാകത്തിന്റെ ഷട്ടര്‍ തുറക്കും. 2015ല്‍ ചെന്നൈയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ഒരു കാരണം തടാകത്തിലെ ഷട്ടര്‍ തുറന്നതാണ്.

നിലവില്‍ നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെയാണ്. ഇതിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്. തീരത്ത് കടലാക്രമണം രൂക്ഷമാണ്. ഇന്ന് രാത്രിയോടെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് വേഗത 145 കിലോമീറ്റര്‍ വരെ ആകാമെന്നാണ് ചെന്നൈ ഏരിയ സൈക്ലോണ്‍ വാര്‍ണിംഗ് സെന്റര്‍ ഡയറക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് തമിഴനാട്.

ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്ബരപ്പാക്കം തടാകം അതിവേഗമാണ് നിറയുന്നത്. 24 അടിയാണ് തടാകത്തിന്റെ ശേഷി. നിലവില്‍ 22 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 12 മണിയോടെ 1000 ക്യൂസെക്‌സ് വെള്ളം ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുമെന്നാണ് അധികൃതര്‍ പറയുന്നത്. 2015ല്‍ തടാകത്തിന്റെ ഷട്ടര്‍ തുറന്നതാണ് ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം. അതിനാല്‍ നഗരത്തിലുള്ളവര്‍ ഏറെ ഭീതിയിലാണ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്രാ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും.