26 April 2024 Friday

നാമനിർദേശപത്രിക നിരസിക്കുന്നത് വ്യക്തമായി നിയമം പരിശോധിച്ച ശേഷം മാത്രം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സൂക്ഷ്മപരിശോധന 20ന്

ckmnews

നാമനിർദേശപത്രിക നിരസിക്കുന്നത് വ്യക്തമായി നിയമം

പരിശോധിച്ച ശേഷം മാത്രം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


സൂക്ഷ്മപരിശോധന 20ന്


തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ നിരസിക്കുന്നതിന് മുമ്പ് കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകൾ വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദേശിച്ചു. നവംബർ 20നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. നവംബർ 19ന് കൂടി പത്രിക സമർപ്പിക്കാം.

സ്ഥാനാർഥി തദ്ദേശഭരണ സ്ഥാപന അംഗമാകാൻ നിയമാനുസൃതം യോഗ്യനല്ലെന്ന് വ്യക്തമായാൽ പത്രിക നിരസിക്കപ്പെടും. മൂന്നു മണിക്ക് ശേഷം പത്രിക സമർപ്പിക്കാൻ പാടില്ല. സ്ഥാനാർഥിയോ അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും പത്രിക സമർപ്പിക്കരുത്.

പത്രിക നിശ്ചിത 2-ാം നമ്പർ ഫോറത്തിൽ തന്നെ സമർപ്പിക്കേണ്ടതാണ്. പത്രികയിൽ സ്ഥാനാർഥിയും നാമനിർദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം. സ്ഥാനാർഥി മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ ആയിരിക്കണം. നാമനിർദേശം ചെയ്യുന്നയാൾ സ്ഥാനാർഥി മത്സരിക്കുന്ന വാർഡിലെ വോട്ടറായിരിക്കണം.

ഒരാൾ ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിലധികം വാർഡുകളിലേക്ക് പത്രിക സമർപ്പിക്കാൻ പാടില്ല. കൂടാതെ സ്ഥാനാർഥി യഥാവിധി പണം കെട്ടിവെക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിടുകയും വേണം. സ്ത്രീയ്ക്കോ പട്ടികജാതിയ്ക്കോ പട്ടികവർഗത്തിനോ ആയി സംവരണം ചെയ്ത വാർഡിലേക്ക് ഈ വിഭാഗത്തിൽപ്പെടാത്തവർ പത്രിക സമർപ്പിക്കരുത്.

സ്ഥാനാർഥി പത്രികയിൽ വയസ്സ് കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാർഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടർ പട്ടികയോ പ്രസക്ത ഭാഗമോ പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ നാമനിർദേശ പത്രികക്കൊപ്പമോ അല്ലെങ്കിൽ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കണം. ഒരു സ്ഥാനാർഥി സമർപ്പിച്ച എല്ലാ പത്രികകളും തള്ളിയാൽ കാരണങ്ങൾ ഉടൻ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതാണ്. ഏതെങ്കിലും ഒരു പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കിൽ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാനാർഥി ആവശ്യപ്പെട്ടാൽ നൽകേണ്ടതാണ്. സ്വീകരിക്കപ്പെട്ട നാമനിർദ്ദേശപത്രികളുടെ കാര്യത്തിൽ അവ സ്വീകരിക്കാനിടയായ കാരണങ്ങൾ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാൽ ഒരു നാമനിർദ്ദേശ പത്രിക സ്വീകരിപ്പെടുന്നതിൽ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളിൽ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതുണ്ട്.