27 April 2024 Saturday

4 വർഷത്തിനു ശേഷം എയർടെൽ മുന്നിലെത്തി, ജിയോ രണ്ടാമത്, വോഡഫോൺ ഐഡിയക്ക് നഷ്ടം തുടരുന്നു

ckmnews

4 വർഷത്തിനു ശേഷം എയർടെൽ മുന്നിലെത്തി, ജിയോ രണ്ടാമത്, വോഡഫോൺ ഐഡിയക്ക് നഷ്ടം തുടരുന്നു



രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ പ്രതിമാസ വരിക്കാരെ ചേർക്കുന്നതിൽ വീണ്ടും ഒന്നാമതെത്തി. നാലു വർഷത്തിനു ശേഷമാണ് എയർടെൽ ഒരു മാസം കൂടുതൽ വരിക്കാരെ ചേർക്കുന്നതിൽ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ് കണക്കുകൾ പ്രകാരം കൂടുതൽ വരിക്കാരെ സ്വന്തമാക്കിയത് എയർടെലാണ്. ഇക്കാര്യത്തിൽ നേരത്തെ ജിയോയായിരുന്നു മുന്നിൽ നിന്നിരുന്നത്.


ഓഗസ്റ്റിൽ എയർടെൽ 29 ലക്ഷം ഉപഭോക്താക്കളെ ചേർത്തപ്പോൾ ജിയോയ്ക്ക് 19 ലക്ഷം വരിക്കാരെ മാത്രമാണ് ചേർക്കാന്‍ കഴിഞ്ഞതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, വോഡഫോൺ ഐഡിയയ്ക്ക് 12 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. ഇത് തുടർച്ചയായ പത്താം മാസമാണ് വോഡഫോൺ ഐഡിയക്ക് വരിക്കാരെ നഷ്ടപ്പെടുന്നത്.ഓഗസ്റ്റിൽ വയർലെസ് വരിക്കാരുടെ 0.91 ശതമാനം വിപണി വിഹിതം എയർടെൽ നേടിയപ്പോൾ ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 0.47 ശതമാനം വർധിച്ചു. വിപണി വിഹിതം അനുസരിച്ച് ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയ്ക്ക് 35.08 ശതമാനവും എയർടെൽ 28.12 ശതമാനവും വോഡഫോൺ ഐഡിയ 26.15 ശതമാനവുമുണ്ട്. മൊത്തം വയർലെസ് വരിക്കാർ ജൂലൈയിലെ 1.14 ബില്യണിൽ നിന്ന് ഓഗസ്റ്റിൽ 1.15 ബില്യനായി ഉയർന്നു, പ്രതിമാസ വളർച്ച 0.3 ശതമാനമാണ്. നഗര പ്രദേശങ്ങളിലെ വയർലെസ് സബ്സ്ക്രിപ്ഷൻ ജൂലൈ അവസാനം 620.7 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 624.9 ദശലക്ഷമായി ഉയർന്നു. എന്നാൽ, ഗ്രാമീണ മേഖലയിൽ ഇത് 523.5 ദശലക്ഷത്തിൽ നിന്ന് 522.9 ദശലക്ഷമായി കുറഞ്ഞു.


ഓഗസ്റ്റ് അവസാനത്തോടെ വയർലൈൻ വരിക്കാരുടെ എണ്ണം 66,771 ഉയർന്ന് 19.9 ദശലക്ഷമായി. ഓഗസ്റ്റ് അവസാനത്തോടെ മൊത്തം വയർലൈൻ വരിക്കാരുടെ നഗര, ഗ്രാമീണ വരിക്കാരുടെ പങ്ക് യഥാക്രമം 89.83 ശതമാനവും 10.17 ശതമാനവുമായിരുന്നു എന്നും ട്രായ് കണക്കുകൾ പറയുന്നു.


ഫിക്സഡ് ലൈൻ വരിക്കാരുടെ വിപണി വിഹിതം കണക്കിലെടുക്കുമ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 39.84 ശതമാനത്തിലും എയർടെൽ 21.86 ശതമാനത്തിലും മുന്നിൽ നിൽക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന് (എംടിഎൻഎൽ) 15.34 ശതമാനം വിപണി വിഹിതമുണ്ട്. ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബറിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കുറഞ്ഞ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ച റിലയൻസ് ജിയോ ഓഗസ്റ്റിൽ 160,794 പേരെ അധികമായി ചേർത്തു.