27 April 2024 Saturday

നറുക്കെടുപ്പില്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പ്; ഇരുപതിലേറെ വില്‍പനക്കാരെ കബളിപ്പിച്ച വിരുതനെ പൊലീസ് വലയിലാക്കി

ckmnews

നറുക്കെടുപ്പില്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പ് പതിവാക്കിയ വിരുതനെ ഒടുവില്‍ പൊലീസ് പൊക്കി. ഇരുപതിലേറെ ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത തമിഴ്നാട് കളിയല്‍ സ്വദേശി സെയ്ത് ആണ് പാറശാല പൊലീസിന്റെ പിടിയിലായത്.


അയ്യായിരം രൂപ വരെയുള്ള ലോട്ടറി ടിക്കറ്റിന്റെ നമ്ബരുകള്‍ മറ്റ് ലോട്ടറികളില്‍ ഒട്ടിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. അയ്യായിരം രൂപ വരെ സമ്മാനത്തുക വില്‍പനക്കാര്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതി മുതലെടുത്തായിരുന്നു ഇയാളുടെ തട്ടിപ്പ്.


വ്യാജ ടിക്കറ്റുകള്‍ ലോട്ടറി വില്‍പനക്കാര്‍ക്ക് നല്‍കി അവരില്‍ നിന്നും പണം വാങ്ങുകയാണ് ഇയാളുടെ പതിവ് തട്ടിപ്പു രീതി. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ പാറശ്ശാല വെള്ളറട കാരക്കോണം പനച്ചമൂട് തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഈ പ്രദേശത്ത് ഇരുപതിലേറെ ലോട്ടറി വില്‍പനക്കാരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.


തട്ടിപ്പ് വ്യാപകമായതോടെ ടിക്കറ്റ് സ്കാന്‍ ചെയ്താണ് ഇപ്പോള്‍ ലോട്ടറി വ്യാപാരികള്‍ സമ്മാനത്തുക വിതരണം ചെയ്യുന്നത്. എന്നാല്‍ ‌ഇപ്പോഴും നമ്ബര്‍ മാത്രം നോക്കി സമ്മാനം നല്‍കുന്ന കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്.