06 May 2024 Monday

ആവേശം അണപൊട്ടി; സംഘർഷത്തിന്റെ വക്കോളമെത്തിയ ക്ലൈമാക്സ്; ആറാഴ്ചയ്ക്കുശേഷം പരസ്യപ്രചാരണം അവസാനിച്ചു

ckmnews


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. ആവേശം അണപൊട്ടി ഒഴുകിയപ്പോൾ അവസാന നിമിഷം പലയിടത്തും സംഘർഷത്തിന്റെ വക്കോളമെത്തി. കലാശക്കൊട്ട് കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘർഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ കല്ലേറിൽ സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.

കൃത്യം ആറു മണിക്ക് തന്നെ പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. ഇനി നാളെ നിശബ്ദ പ്രചാരണത്തിന്റേതാണ്. ആറാഴ്ച നീണ്ട നാടിളക്കിയ പ്രചാരണത്തിനുശേഷം കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.