09 May 2024 Thursday

ലൈസൻസ് ഇല്ല, മദ്യപിച്ചിരുന്നുവെന്ന് പൊലീസ്; കള്ളം പറയുന്നുവെന്ന് മനോജിന്റെ സഹോദരി

ckmnews


കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷക്കായി കെട്ടിയ കയറിൽ കുരുങ്ങി മരിച്ച സ്കൂട്ടർ യാത്രിതന്‍ മനോജിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്ത് വരും. സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കയർ കെട്ടിയ രീതിയിൽ വലിയ വീഴ്ച്ച ഉണ്ടായെന്നാണ് വിമർശനം. എന്നാൽ അമിത വേ​ഗതയാണ് അപകടകാരണമെന്നാണ് പൊലീസിൻ്റെ പ്രതികരണം.

പൊലീസിൻ്റെ ഭാ​ഗത്ത് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു. മരിച്ച മനോജിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മദ്യപിച്ചാണ് മനോജ് വണ്ടി ഓടിച്ചതെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ വാദം. എന്നാൽ പൊലീസ് പറയുന്നത് തെറ്റാണെന്നും മനോജിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അളവ് ഇല്ലെന്നും മനോജിൻ്റെ സഹോദരി ചിപ്പി പറഞ്ഞിരുന്നു.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാഹനം വരുന്നത് കണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടിട്ടും മനോജ് അമിത വേ​ഗത്തിൽ പോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ മനോജ് വടത്തിൽ കുരുങ്ങി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.


പൊലീസ് മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതെസമയം വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.