09 May 2024 Thursday

സ്വർണവില വീണ്ടും മുകളിലോട്ട്; ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധന

ckmnews


വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. ശനിയാഴ്ച വലിയ കുറവ് വന്നതിലൂടെ പവന്‍ വില 53,200 രൂപയിലേക്ക് എത്തിയിരുന്നു. ഇന്ന് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപയിലെത്തി.

ഏപ്രിൽ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50,680 രൂപയും (ഏപ്രിൽ 2) ഉയര്‍ന്ന വില 53,760 (ഏപ്രിൽ 12) രൂപയുമാണ്.മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയുടേതാണ്.

ഏപ്രിൽ മാസം ഇതുവരെ 3000 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്.

അമേരിക്കയിലെ വിപണി സാഹചര്യം, പലിശനിരക്ക്, ഡോളര്‍ സൂചികയിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യം മാത്രം നോക്കി സ്വര്‍ണവിലയുടെ ഭാവി പറയാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍.ഇറാന്‍-ഇസ്രായേല്‍ സംഘർഷസാധ്യത നിലനിൽക്കുന്നതാണ് സ്വര്‍ണത്തിന്റെ വന്‍ കുതിപ്പിന് കാരണം. സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ കുറവിന് സാധ്യതയില്ല.അമേരിക്കയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ വൈകിയേക്കുമെന്നാണ് വിവരം. ഡോളറിന്റെ കരുത്ത് കുറഞ്ഞിട്ടുമില്ല. ഡോളര്‍ സൂചിക 106ല്‍ നില്‍ക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയേണ്ടതാണ്.