30 April 2024 Tuesday

മെസ്സി ഇറങ്ങിയിട്ടും രക്ഷയില്ല; കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പില്‍ നിന്ന് ഇന്‍റര്‍ മയാമി പുറത്ത്

ckmnews


മെക്‌സിക്കോ സിറ്റി: കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി പുറത്ത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ മൊണ്ടെറിയെ നേരിട്ട ഇന്റര്‍ മയാമി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. ലയണല്‍ മെസ്സി, ലൂയി സുവാരസ് എന്നീ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിരുന്നിട്ടും മയാമിക്ക് മെക്‌സിക്കന്‍ ക്ലബ്ബിനോട് വിജയിക്കാനായില്ല. ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും മയാമി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 5-2നാണ് മൊണ്ടെറി വിജയിച്ചത്.

മത്സരത്തിന്റെ 31ാം മിനിറ്റിലാണ് ഇന്റര്‍ മയാമിയുടെ വല ആദ്യമായി കുലുങ്ങിയത്. മയാമി ഗോള്‍ കീപ്പര്‍ ഡ്രേക്ക് കാലെന്‍ഡര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവ് മുതലെടുത്ത് ബ്രാന്‍ഡന്‍ വാസ്‌കസ് ആണ് മൊണ്ടെറിയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് മെസ്സിയുടെ പാസ്സില്‍ നിന്ന് ലൂയി സുവാരസ് സമനില ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലയണല്‍ മെസ്സിയുടെ ഒരു ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോവുകയും ചെയ്തു.

58-ാം മിനിറ്റില്‍ ജെര്‍മന്‍ ബെര്‍ട്ടെറേമിലൂടെ മൊണ്ടെറി ലീഡ് ഇരട്ടിയാക്കി. 64-ാം മിനിറ്റില്‍ ജീസസ് ഗല്ലാര്‍ഡോ മൊണ്ടെറിയുടെ മൂന്നാം ഗോളും നേടിയതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 5-1 ആയി. 78-ാം മിനിറ്റില്‍ ഇന്റര്‍ മയാമിയുടെ സൂപ്പര്‍ താരം ജോര്‍ഡി ആല്‍ബയ്ക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. എങ്കിലും 85-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കാന്‍ മയാമിക്ക് സാധിച്ചു. ലയണല്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്ന് ഡീഗോ ഗോമസ് ഒരു ഹെഡറിലൂടെയാണ് മയാമിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.