09 May 2024 Thursday

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽനിന്ന് സജി മഞ്ഞക്കടമ്പിൽ മാണിയുടെ ചിത്രം തിരിച്ചെടുത്തു

ckmnews


കോട്ടയം: രാജിവെച്ച യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പിലിന്റെ അടുത്ത നടപടി എന്താകുമെന്ന ആകാംക്ഷയിലാണ് കോട്ടയത്തെ പാർട്ടി പ്രവർത്തകര്‍. പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ എം മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പില്‍ എടുത്തുകൊണ്ടുപോയതോടെ ജോസ് വിഭാഗത്തിനൊപ്പം ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമായി.

താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്. ‘മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, സജി പറഞ്ഞു. താൻ വീട്ടിൽ സൂക്ഷിച്ച മാണിസാറിന്റെ ചിത്രം ആണ് തിരിച്ചെടുത്തതെന്നും പാർട്ടി വിടും മുൻപ് എടുക്കണം എന്ന് കരുതിയെങ്കിലും നടന്നില്ലെന്നും സജി മഞ്ഞക്കടമ്പിൽ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ ധിക്കാരപരമായ സമീപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുദിക്കുന്നില്ലെന്നും സജി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. പിന്നാലെ സജിയെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ രാജി യുഡിഎഫിനെ ബാധിക്കുമെന്നും മുന്നണിയുടെ ജില്ലയിലെ ഒന്നാമനാണ് വിട്ടുപോയതെന്നും ജോസ് പ്രതികരിച്ചിരുന്നു.

ഇന്നും വാർത്താസമ്മേളനത്തിൽ മോൻസിന് എതിരെ സജി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. താൻ പാർട്ടിയെ വഞ്ചിച്ചു എന്നാണ് മോൻസ് പറയുന്നത്. കേരള കോൺഗ്രസിന് യുഡിഫിൽ സ്പേസ് ഉണ്ടാക്കി കൊടുത്ത ആളാണ് താൻ. സ്വന്തം പൈസ ഉപയോഗിച്ച് ആണ് പ്രവർത്തനത്തിന് പോയത്. ഇതാണോ വഞ്ചന എന്ന് മോൻസ് പറയണം. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കണം എന്ന് പറഞ്ഞത് മോൻസാണ്. ഉദ്ദേശം എന്തായിരുന്നു എന്ന് അറിയില്ലായിരുന്നു. ജില്ലാ പ്രസിഡന്റ്‌ ആയിട്ടും പാർട്ടി വക വണ്ടിയോ ഡ്രൈവറോ ഇല്ല. എന്നിട്ടും സ്വന്തം വണ്ടിയിൽ പോയ്‌ എല്ലാം ചെയ്തു. തനിക്ക് ഒരു സീറ്റ് ലഭിക്കാൻ അർഹത വന്നപ്പോ തട്ടി കളഞ്ഞത് മോൻസാണെന്നും എന്നിട്ട് താൻ അധികാര മോഹി ആണെന്ന് പറയുകയാണെന്നും മോൻസ് കുറ്റപ്പെടുൂത്തി. 25 വർഷമായി എംഎൽഎ ആയ മോൻസ് എന്ത് കൊണ്ട് മാറിക്കൊടുക്കുന്നില്ലെും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.