09 May 2024 Thursday

'ജയിലിന് മറുപടി വോട്ടിലൂടെ'; കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ആംആദ്മി പാർട്ടിയുടെ പുതിയ ക്യാമ്പയിൻ

ckmnews



ന്യൂഡൽഹി: അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റിൽ പുതിയ ക്യാമ്പിനുമായി ആം ആദ്മി പാർട്ടി. കെജ്‌രിവാളിൻ്റെ അറസ്റ്റിൽ 'ജയിലിന് മറുപടി വോട്ടിലൂടെ' എന്ന ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത് ആം ആദ്മി പാർട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ്. ബിജെപിക്ക് ബോണ്ട് നൽകിയ കമ്പനികൾ നികുതിയിലും വെട്ടിപ്പ് നടത്തി എന്ന് സഞ്ജയ് സിംഗ് എം പി ആരോപിച്ചു.

ബിജെപിക്ക്‌ ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയ കമ്പനികൾ രാജ്യത്തിനു ലഭിക്കേണ്ട നികുതിപ്പണം നൽകാത്തത് സിബിഐയും ഇഡിയും അറിഞ്ഞിരുന്നോ എന്നും സഞ്ജയ് സിംഗ് എം പി ചോദിച്ചു. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി നിരന്തരം വരുന്നതിൽ ദില്ലി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഹർജിക്കാരന് വലിയ പിഴ ചുമത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി ഹർജി ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് കൈമാറി.

ഇതിനിടയിൽ ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കവിത കോടതിയെ സമീപിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലിരിക്കെ കവിതയെപ്പോലെ ഏറെ സ്വാധീനമുള്ള ഒരാൾക്ക് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ജലബോർഡ് അഴിമതി ഉയർത്തി ബിജെപി എംഎൽഎമാർ പ്രതിഷേധിച്ചതോടെ ദില്ലി നിയമസഭ പ്രക്ഷുബ്ധമായി. ആറ് ബിജെപി എംഎൽഎമാരെ സ്പീക്കർ സഭയിൽനിന്ന് പുറത്താക്കി.