09 May 2024 Thursday

ബീഫ് കഴിക്കില്ല; ഹിന്ദുവായതില്‍ അഭിമാനം; കങ്കണ

ckmnews


താന്‍ ബീഫ് കഴിക്കാറില്ലെന്ന് നടിയും മണ്ഡി ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നതായി കങ്കണ തന്നെ നേരത്തെ പറഞ്ഞതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്‍റെ ആരോപണത്തിനാണ് മറുപടി. 

 താന്‍ ബീഫോ, മറ്റ് റെഡ് മീറ്റ് വിഭവങ്ങളോ കഴിക്കാറില്ലെന്ന് കങ്കണ എക്സില്‍ കുറിച്ചു. തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാന വിരുദ്ധമായ കാര്യങ്ങളാണ്. യോഗയെയും ആയുര്‍വേദത്തെയും പ്രോല്‍സാഹിപ്പിക്കുന്ന ജീവിതരീതിയാണ് പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുന്നത്. ഇപ്പോഴത്തെ തന്ത്രങ്ങള്‍ക്ക് തന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നും കങ്കണ പ്രതികരിച്ചു.


ബീഫ് ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്തിരുന്ന ഒരാളെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് എന്നാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് കൂടിയായ വിജയ് വഡേത്തിവാറി ആരോപിച്ചത്. എന്നാല്‍ എന്റെ ആളുകള്‍ക്ക് എന്നെ അറിയാമെന്നും അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും ഹിന്ദുവായതില്‍ അഭിമാനിക്കുന്നതായും കങ്കണ എക്സില്‍ കുറിച്ചു.