09 May 2024 Thursday

കള്ളക്കടൽ പ്രതിഭാസം; കേരളതീരത്ത് ഇന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ckmnews


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. രാത്രി പതിനൊന്നര വരെ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഗവേഷണ കേന്ദ്രം അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശം.


കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽ കയറുന്ന പ്രതിഭാസം ‘കള്ളക്കടൽ’ (swell surge) ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്. മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യുനമർദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യൂനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 11 മീറ്റർ വരെ ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു.

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകൾ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ “കള്ളക്കടൽ” എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും, തീരത്തേക്ക് കയറാനും കാരണമാവും.