08 May 2024 Wednesday

സർവ്വീസ് സ്റ്റോറിയിൽ കൈക്കൂലിക്കാരനായ ഡോക്ടർക്കെതിരെ പരാമർശം:റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ അറസ്റ്റ് ചെയ്തു ചങ്ങരംകുളം ചേലക്കടവ് സ്വദേശിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ നടത്തിയെന്ന് പരാമർഷം

ckmnews

സർവ്വീസ് സ്റ്റോറിയിൽ കൈക്കൂലിക്കാരനായ ഡോക്ടർക്കെതിരെ പരാമർശം:റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ അറസ്റ്റ് ചെയ്തു


ചങ്ങരംകുളം ചേലക്കടവ് സ്വദേശിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ നടത്തിയെന്ന് പരാമർഷം


തൃശൂർ: കൈക്കൂലി നൽകാതായപ്പോൾ അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ നടത്തിയ ഡോക്ടറുടെ ക്രൂരത സർവ്വീസ് സ്റ്റോറിയിൽ എഴുതിയ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെയും രോഗിയായ ലത്തീഫ് മൂക്കുതലയെയും ഡോക്ടറുടെ പരാതിയിൽമേൽ അയ്യന്തോൾ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കി.2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിലെ ഒന്നാം പ്രതി എ. അബ്ദുൾ ലത്തീഫ് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.അദ്ദേഹത്തിൻ്റെ സുഹൃത്ത് ലത്തീഫ് മൂക്കുതല കിഡ്നിയിലെ കല്ല് നീക്കം ചെയ്യുന്നതിന് 2018 ഏപ്രിൽ 2 ന് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.യൂറോളജി ഡോക്ടറായ രാജേഷ് കുമാറിന് ലത്തീഫ് മൂക്കുതലയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  പരിചപ്പെടുത്തിക്കൊടുത്തിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഓപ്പറേഷൻ നടത്താതായപ്പോൾ

ഡോക്ടറെ വീട്ടിൽ പോയി കണ്ട് പൈസ കൊടുക്കാതെ ഓപ്പറേഷൻ പെട്ടന്ന് നടക്കുകയില്ലന്ന് വാർഡിൽ കിടക്കുന്ന മറ്റ് രോഗികൾ ലത്തീഫിനോട് പറഞ്ഞിരുന്നു.സാമ്പത്തികമായി പ്രയാസത്തിലായ ലത്തീഫിൻ്റെ കുടുംബം വീട്ടിൽ പോയി രണ്ടായിരം രൂപ ഡോക്ടർക്ക് നൽകിയിരുന്നു.ഡോക്ടർ അടുത്ത ആഴ്ച ഓപ്പറേഷൻ നിശ്ചയിച്ചു.അനസ്തീഷ്യ നൽകാതെ ക്രൂരമായാണ് ലത്തീഫിൻ്റെ ഓപ്പറേഷൻ നടത്തിയത്. വേദന കൊണ്ട് പുളഞ്ഞ് അട്ടസഹിച്ച ലത്തീഫ് കേൾക്കേ ഡോക്ടർ ഉച്ചത്തിൽ നേഴ്സിനോട് കുറെ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.

ഈ ഓപ്പറേഷൻ പുറത്ത് ആശുപത്രിയിൽ ചെയ്യുകയാണെങ്കിൽ വലിയ തുക നൽകേണ്ടിവരും എന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടായിരം രൂപ കൊടുത്തത് കുറഞ്ഞ് പോയതായിരുന്നു കാരണം.

ഓപ്പറേഷൻ കഴിഞ്ഞ് പിറ്റെ ദിവസം ഇൻഫക്ക്ഷൻ വന്ന് ലത്തീഫ് വേദന കൊണ്ട് പുളഞ്ഞു കൊണ്ടിരുന്നപ്പോൾ

രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഓപ്പറേഷൻ നടത്തി. അന്നും അനസ്തീഷ്യ നൽകിയിരുന്നില്ല. വേദന കൊണ്ട് അട്ടഹസിച്ച ശബ്ദം ആശുപത്രി മുഴക്കെ കേട്ടിരുന്നു.കിഡ്നിയിലെ കല്ല് നീക്കം ചെയ്യാനായിരുന്നു ഓപ്പറേഷൻ നടത്തിയത്.വേദനക്ക് ഒരു ശമനവും ലഭിക്കാത്തത് കൊണ്ട് ലത്തീഫിനെ തൃശൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അവിടെ വെച്ച് അനസ്തേഷ്യ നൽകി ഓപ്പറേഷനിലൂടെ കിഡ്നിയിൽ ഉണ്ടായിരുന്ന എൺപത് ശതമാനം കല്ലും അവിടെയുള്ള യൂറോളജി ഡോക്ടർ നീക്കം ചെയ്തു.രണ്ട് പ്രാവശ്യം ഓപ്പറേഷൻ നടത്തിയിട്ടും ഇരുപത് ശതമാനം കല്ല് മാത്രമെ മെഡിക്കൽ കോളേജിലെ ഡോക്ടർ നീക്കം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ലത്തീഫ്, ഈ കാര്യങ്ങളെല്ലാം വെച്ച് കൊണ്ട് തൃശൂർ പ്രസ്സ് ക്ലബ്ബിൽ 2018 ജൂണിൽ പത്ര സമ്മേളനം നടത്തി. വിശദമായ പരാതി രേഖകൾ സഹിതം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ എന്നിവർക്കെല്ലാം ലത്തീഫ്  നൽകിയിരുന്നു. നാളിത് വരെ ഒരു നടപടിയും പരാതിയിൽമേൽ ബന്ധപ്പെട്ടവർ എടുത്തിട്ടില്ല.സുഹൃത്തിനോട് ചെയ്ത ക്രൂരത സംബന്ധിച്ചും കൈക്കൂലി വാങ്ങി പാവപ്പെട്ട രോഗികളെ പിഴിയുന്നതിനെ സംബന്ധിച്ചും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ അബ്ദുൽ ലത്തീഫ്, യൂറോളജി ഡോക്ടറോട് വിശദമായി ചോദിച്ചിരുന്നു.ഇതിൽ ഡോക്ടർക്ക് തോന്നിയ അമർശത്തിലാണ് അയ്യന്തോൾ പോലീസിൽ ഡോക്ടർ പരാതി നൽകുന്നത്.ഇതിനിടയിൽ റിട്ടയർ ചെയ്തതിന് ശേഷം അബ്ദുൾ ലത്തീഫ് മാറഞ്ചേരി തയ്യാറക്കിയ "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന സർവ്വീസ് സ്റ്റോറിയിൽ ഈ സംഭവം വിശദമായ ഒരു അധ്യായത്തിൽ വന്നത് ഡോക്ടർക്ക് കൂടുതൽ പ്രകോപനം സൃഷ്ടിച്ചു.

തൃശൂർ എച്ച് ആൻ്റ് സി. പ്രസിദ്ധീകരിച്ച സർവ്വീസ് സ്റ്റോറി ഇതിനകം ചർച്ചയാവുകകയും കൂടുതൽ പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.ഇരുപതിൽപരം വകുപ്പുകളിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ താൻ നേരിട്ട് അനുഭവിച്ച സർവ്വീസ് അനുഭവങ്ങൾ 43 അധ്യായങ്ങളിലായി സവിസ്തരം വിശദമാക്കുന്ന ഗ്രന്ഥമാണിത്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ എസ് ആണ് ഈ സർവ്വീസ് സ്റ്റോറിക്ക് അവതാരിക എഴുതിയിട്ടുള്ളത്.

സർക്കാർ മേഖലയിൽ തുടരുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ പൊരുതാൻ തന്നെയാണ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് തുടരുന്നതിനെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെയും ഡോക്ടർക്കെതിരെ വിജിലൻസിൽ പരാതി നൽകുമെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു.അയ്യന്തോൾ കോടതിയിൽ ഹാജറാക്കിയ രണ്ട് പേരെയും കോടതി ജാമ്യത്തിൽ വിട്ടു .