09 May 2024 Thursday

ചൂട് ഉയർന്നു തന്നെ; 12 ജില്ലകളിൽ മുന്നറിയിപ്പ്; എട്ടിടത്ത് വേനൽ മഴ; ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കി, വയനാട് ഒഴികെ സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഉഷ്ണം ഉയർന്നു തന്നെ നിൽക്കുക. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


അതേസമയം മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ പ്രവചിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി ഉയർന്ന തിരമാല മുന്നറിയിപ്പുമുണ്ട്. 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.