09 May 2024 Thursday

കേരളത്തിന് അടിയന്തര കടമെടുക്കലിന് അനുമതിയില്ല; ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ckmnews



ന്യൂഡൽഹി: പതിനായിരം കോടികൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം കേന്ദ്രം കൈമാറുന്നില്ല , ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് കേരളത്തിന്റെ ഹർജി. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര ഇടപെടല്‍ ചോദ്യംചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

14-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശാ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 21,000 കോടി രൂപയുടെ വായ്പാ പരിധി വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിന് അടിയന്തരമായി പതിനായിരം കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.


കോടതി ഇടപെടലിനെ തുടര്‍ന്ന് 13,608 കോടി രൂപ കഴിഞ്ഞ സമ്പത്തികവര്‍ഷം കടമെടുക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.കേരളം കൂടുതല്‍ കടമെടുത്താല്‍ വരുംവർഷങ്ങളിലെ കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് കുറവുവരുത്താമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും സുപ്രീം കോടതി വ്യക്തമാക്കി.