09 May 2024 Thursday

പൊള്ളിച്ച' സിനിമയ്ക്ക് 'പൊള്ളുന്ന' ബജറ്റ്; ആടുജീവിതത്തിൻ്റെ ചെലവ് വെളിപ്പെടുത്തി ബ്ലെസി

ckmnews

പൊള്ളിച്ച' സിനിമയ്ക്ക് 'പൊള്ളുന്ന' ബജറ്റ്; ആടുജീവിതത്തിൻ്റെ ചെലവ് വെളിപ്പെടുത്തി ബ്ലെസി


മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാം സ്ഥാനവും 'ആടുജീവിതം' സ്വന്തമാക്കി. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ചിത്രീകരിക്കാൻ വേണ്ടി വന്ന തുക വെളുപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. തമിഴ് മാധ്യമമായ എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറയുന്നത്.


82 കോടി രൂപയാണ് ചിത്രത്തിന് വേണ്ടിവന്ന ബജറ്റെന്നാണ് ബ്ലെസി പറഞ്ഞത്. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്നും അന്യഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാന്‍വാസില്‍ ചിത്രം ഒരുക്കിയതെന്നും ബ്ലെസി പറഞ്ഞു.


ആഗോള തലത്തിൽ മാർച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മാത്രം 16.5 കോടിയായിരുന്നു. ആടുജീവിതത്തെ പ്രകീർത്തിച്ച് സിനിമ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. കൂടാതെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങൾക്കും ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുകയാണ്.


അതേസമയം ആടുജീവിത്തതിന് ബഹ്‌റൈനിൽ പ്രദർശനാനുമതി ലഭിച്ചിരുന്നു. ഏപ്രിൽ മൂന്ന് മുതലാണ് സിനിമ ബഹ്‌റൈനിൽ പ്രദർശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നത്. ആടുജീവിതം ബഹ്‌റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും വലിയ തോതിൽ ഓൺലൈൻ ബുക്കിങ് ലഭിച്ചിട്ടുണ്ട്.