09 May 2024 Thursday

കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി മണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റില്‍

ckmnews

കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി മണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റില്‍


പയ്യാമ്പലത്ത് സി.പി. എം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റില്‍.  ചാല പടിഞ്ഞാറെക്കരയിലെ  സാധുപാര്‍ക്കിന് സമീപം താമസിക്കുന്ന  ഷാജി അണയാട്ടിനെയാ(54)ണ് പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിൻ്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  കണ്ണൂര്‍ എ.സി.പി സിബിടോം, ഇന്‍സ്‌പെക്ടര്‍ കെ.സി സുഭാഷ് ബാബു,  എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു പ്ലാസ്റ്റിക്ക് കുപ്പിയും മറ്റുവസ്തുക്കളും ശേഖരിച്ചു ആക്രികടയില്‍ കൊടുത്തു ജീവിച്ചുവരികയാണ് ഷാജി. സംഭവദിവസം ഇയാള്‍ പയ്യാമ്പലത്തുണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് തെളിഞ്ഞത്. സ്തൂപത്തില്‍ ഒഴിച്ചത് കൈയിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്നു ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 


കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾ എന്നിവ നശിപ്പിച്ചത്.  കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത ചിത്രം പൂർണമായും വികൃതമാക്കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.പ്രകോപനം സൃഷ്ടിക്കാനുളള ആസൂത്രിത ഗൂഡാലോചനയെന്നാണ് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നത്. സംഭവത്തിൽ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് പൊലീസിന് പരാതിയും നൽകിയിരുന്നു.