27 April 2024 Saturday

14 വര്‍ഷത്തിനു ശേഷം നടന്‍ ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിൽ; ശിവസേനയില്‍ അംഗത്വമെടുത്തു

ckmnews


മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇദ്ദേഹം ശിവസേന അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് ഗോവിന്ദ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മുമ്പ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭാ എംപി സ്ഥാനം വഹിച്ച വ്യക്തി കൂടിയാണ് ഗോവിന്ദ.

ഗോവിന്ദയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. സമൂഹത്തിലെ എല്ലാവര്‍ക്കും ജനപ്രിയനായ വ്യക്തിയാണ് ഗോവിന്ദ എന്ന് ഷിന്‍ഡെ പറഞ്ഞു.

ചടങ്ങില്‍ വളരെ വൈകാരികമായി സംസാരിച്ച ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. 2004-2009 ലാണ് താന്‍ ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.


’’ 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു,’’ എന്നും ഗോവിന്ദ പറഞ്ഞു.


ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായതിന് ശേഷം മുംബൈ നഗരം കൂടുതല്‍ വികസിതമായെന്നും കൂടുതല്‍ മനോഹരമായെന്നും ഗോവിന്ദ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അവിശ്വസനീയമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നും ഗോവിന്ദ പറഞ്ഞു.

മുംബൈ നഗരത്തിന്റെ അഭിവൃദ്ധി വര്‍ധിക്കുകയാണെന്നും നഗരത്തിന്റെ മലീനികരണ തോത് കുറഞ്ഞ് വരികയാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നതെന്ന ആരോപണം ഷിന്‍ഡെ തള്ളി.


‘‘വികസനത്തിന് പ്രാധാന്യം നല്‍കുന്നയാളാണ് ഗോവിന്ദ. പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. ചലച്ചിത്ര മേഖലയുടെ പുരോഗതിയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. സര്‍ക്കാരിനെയും ചലച്ചിത്ര മേഖലയെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാകാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’’ ഷിന്‍ഡെ പറഞ്ഞു.

’’ വനവാസം കഴിഞ്ഞെത്തിയ ഗോവിന്ദ രാമരാജ്യത്തിലേക്ക് എത്തിയിരിക്കുകയാണ്,’’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സര്‍ക്കാര്‍ വികസനത്തിനും ജനങ്ങളുടെ പുരോഗതിയ്ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ആ നയങ്ങളാണ് ഗോവിന്ദയെ ആകര്‍ഷിച്ചത്,’’ എന്നും അദ്ദേഹം പറഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത്-വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിക്കുമോ എന്ന ചോദ്യത്തിനും ഷിന്‍ഡെ മറുപടി നല്‍കി.


’’ ചലച്ചിത്ര മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം എത്തിയത്. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല,’’ എന്ന് ഷിന്‍ഡെ പറഞ്ഞു.


ശിവസേന-ബിജെപി-അജിത് പവാര്‍ നയിക്കുന്ന എന്‍സിപി എന്നിവര്‍ ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. മഹായുധി എന്നാണ് സഖ്യമറിയപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തന്നെ പുറത്തുവിടുമെന്നും ഷിന്‍ഡെ പറഞ്ഞു.

’ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും മഹായുധി മത്സരിക്കും. കുടുംബക്കാര്‍ നയിക്കുന്ന സര്‍ക്കാരല്ല ഞങ്ങളുടേത്. ജനങ്ങളെയാണ് ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവരുടെ പുരോഗതിയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്,’’ എന്നും ഷിന്‍ഡെ പറഞ്ഞു.