09 May 2024 Thursday

വെറുതെ മത്സരിക്കാൻ വന്നതല്ല; ജയിക്കാൻ വേണ്ടിയാണ് വന്നത് രാഹുലിന് വയനാട്ടിലെ ജനങ്ങൾ യാത്രയയപ്പ് നൽകുമെന്ന് കെ സുരേന്ദ്രൻ

ckmnews


വയനാട്: രാഹുൽ​ഗാന്ധി പരാജയപ്പെട്ട ജനപ്രതിനിധിയാണെന്ന് കെ.സുരേന്ദ്രൻ.രാഹുൽ ​ഗാന്ധിക്ക് യാത്രയയപ്പ് നൽകാനും നരേന്ദ്രമോദിയെ സ്വീകരിക്കാനും വയനാട്ടിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.മണ്ഡലത്തിലെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ചത്.


‘എപ്പോഴും ജനങ്ങളുടെ വിളിപ്പുറത്തുള്ള എംപി ആയിരിക്കും ഞാൻ.വയനാട്ടിലെ ജനങ്ങൾ വലിയ തോതിലൊരു മാറ്റം ആ​ഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിന് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. രാഹുൽ ​ഗാന്ധിക്ക് യാത്രയയപ്പ് നൽകാനും നരേന്ദ്ര മോദിയെ സ്വീകരിക്കാനും വയനാട്ടിലെ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞു. ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്.


പ്രധാനമന്ത്രിക്കും വിശ്വാസമുണ്ട് കേരളത്തിൽ ബിജെപി ജയിക്കുമെന്ന്. അതിൽ ഒരു മണ്ഡലം വയനാടാണ്. രാഹുലിന് വയനാട്ടിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ല. വയനാട്ടിൽ വികസനം ആവശ്യമാണ്.വയനാട്ടിൽ റെയിൽവേ സർവീസ്, എയർ ട്രിപ്പ് എന്നിവ വേണം. വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കണം അതുപോലെ ആരോഗ്യ മേഖലയിലെ പിന്നോക്ക അവസ്ഥയും പരിഹരിക്കണം. ഇതിനെല്ലാം ശക്തമായ ഒരു ജനപ്രതിനിധി വയനാടിന് ആവശ്യമാണ്


വയനാട്ടിൽ വെറുതെ മത്സരിക്കാൻ വന്നതല്ല.ജയിക്കാൻ വേണ്ടിയാണ് വന്നത്. കഴിഞ്ഞ അഞ്ചു വർഷം വയനാട്ടുകാർ ഒരുപാട് പ്രതീക്ഷിച്ചു. എന്നാൽ, രാഹുൽ ​ഗാന്ധി വയനാട്ടിലെ ജനങ്ങളെ നിരാശരാക്കി. രാഹുൽ പരാജയപ്പെട്ട ജനപ്രതിനിധിയാണ്. വികസനം കൊണ്ടു വരാൻ തന്നെ പോലുള്ള സാധാരണക്കാരന് പറ്റുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തിയതായിരുന്നു അദ്ദേഹം.